ജില്ലയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു, 265 ദിവസം 304 കേസുകൾ
ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ എക്സൈസ് സംഘം പിടികൂടിയത് 304 കഞ്ചാവു കേസുകൾ. 265 ദിവസത്തിനിടെ 304 കേസുകളിലായി പിടിയിലായത് 336 പേർ. പിടികൂടിയത് 87.94 കിലോ കഞ്ചാവ്. കൂടാതെ 240 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് എടുത്തു.
ലഹരിവസ്തുക്കളായ നൈട്രോസെബാൻ 4 ഗ്രാം, എംഡിഎംഎ 6. 59 ഗ്രാം, എൽഎസ്ടി 0.001 ഗ്രാം, ഹഷീഷ് ഓയിൽ 2.2 ഗ്രാം എന്നിവയും പിടികൂടി. ജില്ലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 100 ഗ്രാം കഞ്ചാവ് വാങ്ങുന്നവർക്ക് 10 ഗ്രാം വരെ സൗജന്യം എന്ന ഓഫറിൽ വരെയാണ് ലഹരി മാഫിയയുടെ വിൽപന.
ഇതാണ് കഞ്ചാവ് റൂട്ട്
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് നമ്മുടെ ജില്ലകളിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുക. കമ്പം, തേനി പ്രദേശങ്ങളിൽനിന്നു കുമളി, ബോഡിമെട്ട് തുടങ്ങിയ വഴികളിലൂടെയാണ് ജില്ലയിൽ കൂടുതൽ കഞ്ചാവ് എത്തുന്നത്. ആൾപാർപ്പില്ലാത്ത കാട്ടുവഴികളിലൂടെ വരുന്നതിനാൽ ചെക്പോസ്റ്റിനെ കടത്തുകാർക്ക് ഭയമില്ല. ട്രെയിനിലും മറ്റും എത്തിക്കുന്ന ഇവ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സൂക്ഷിച്ച ശേഷം ജില്ലയിലെ ചെറുകിട കച്ചവടക്കാരുടെ കൈകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ട്രെയിനുകളിലൂം ബസുകളിലും ട്രാവൽ ബാഗുകളിൽ നിറച്ച് ആളൊഴിഞ്ഞ സീറ്റുകളിൽ വയ്ക്കും. അൽപം മാറി ഇവയുടെ ഉടമസ്ഥരും ഇരിക്കും. പൊലീസ് പിടികൂടിയില്ലെങ്കിൽ സാധനവുമായി ഇവർ രക്ഷപ്പെടും. തൊടുപുഴ, രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം, കുമളി , അടിമാലി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ വിൽപന കൂടുതലും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി തൊടുപുഴ മേഖലയിൽനിന്ന് 9.5 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇതിൽ ഒരാളെ പിടികൂടിയെങ്കിലും വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയിരുന്ന മൊത്ത വിതരണക്കാരനെ പിടികൂടാൻ ആയില്ല.
യുവാക്കൾ കടത്തുകാർ
കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാനായി പോയവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുന്നതാണ് യുവാക്കളെ ആകർഷിക്കുന്നത്. ചിലർ മാഫിയയുടെ കണ്ണികളായി മാറുന്നു. ലോക്ഡൗൺ മാറി അയൽ സംസ്ഥാനങ്ങളിൽ നിന്നു വാഹനങ്ങൾ കൂടുതൽ ഓടിത്തുടങ്ങിയതോടെ കഞ്ചാവിന്റെ വരവു കൂടിയിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.
മാഫിയയും ഡിജിറ്റൽ
മുൻപ് ആവശ്യക്കാരനുമായി നേരിട്ടായിരുന്നു ഇടപാടെങ്കിൽ ഇപ്പോൾ ഓൺലൈൻ വഴിയാണ് ലഹരി വിൽപന. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ തുക കൈമാറിയശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. ഇപ്പോൾ ഓരോ റൂട്ടിലുമുള്ള വൈദ്യുത പോസ്റ്റുകളിൽ നൽകിയിരിക്കുന്ന നമ്പർ പറഞ്ഞാണ് കഞ്ചാവു പൊതി സൂക്ഷിച്ചിരിക്കുന്ന സ്ഥലം ലൊക്കേറ്റ് ചെയ്യുന്നത്.
പണം മുൻകൂർ അടച്ച ആവശ്യക്കാരൻ നേരിട്ട് പോയി ഇവ എടുക്കും. പിടിക്കപ്പെട്ടാൽ വാങ്ങിയ ആളിനു വിൽപനക്കാരനെ കുറിച്ച് ഒരു വിവരവും നൽകാൻ കഴിയില്ല. അയൽ സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 7,000 രൂപ മുതൽ കഞ്ചാവ് ലഭിക്കുമെന്നാണ് എക്സൈസ് അധികൃതർ പറഞ്ഞത്. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഇതിന്റെ വിലയും കൂടും. ഇവിടെ എത്തുമ്പോൾ ചെറിയ പൊതികളിലാക്കി ഇവയുടെ വില ലക്ഷങ്ങൾ ആക്കി വിൽക്കും.
‘ലഹരി ഉപയോഗത്തിൽ അകപ്പെടുന്ന യുവാക്കളെ കുടുംബാംഗങ്ങളും സമൂഹവും വേണം പിന്തിരിപ്പിക്കാൻ. എക്സൈസിന്റെ നേതൃത്വത്തിൽ ചെറുതോണിയിലുള്ള കൗൺസലിങ് സെന്ററിൽ എത്തിച്ച് കൗൺസലിങ് നൽകാൻ കഴിയും. സർക്കാരിന്റെ വിമുക്തി ക്യാംപെയ്നിന്റെ ഭാഗമായി ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുട്ടികളെ യുവാക്കളെയും കായികവിനോദങ്ങളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുപ്പിക്കുന്നത് ഒരു പരിധിവരെ ലഹരി ഉപയോഗം തടയാൻ സഹായിക്കും. -വി.എ.സലിം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, തൊടുപുഴ