സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഉടുമ്പന്‍ചോലയിൽ
നെടുങ്കണ്ടം: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജായ ഉടുമ്പന്‍ചോല മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. ഉടുമ്പന്‍ചോലയ്ക്ക് സമീപം മാട്ടുത്താവളത്ത് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് അനുവദിച്ച സ്ഥലം ആയൂര്‍വേദ മെഡിക്കല്‍ വകുപ്പിന് കൈമാറി. റവന്യൂ വകുപ്പില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം എം.എം മണി എം.എല്‍.എ ആയൂര്‍വേദ മെഡിക്കല്‍ വകുപ്പ് പ്രതിനിധി ഡോ.ആന്‍സി തോമസിനാണ് കൈമാറിയത്. 21 ഏക്കറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുര്‍വേദ മെഡിക്കല്‍ കോളജാണ് മാട്ടുത്താവളത്ത് സ്ഥാപിക്കാന്‍ അനുമതിയായിരിക്കുന്നത്.
400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുര്‍വേദ മെഡിക്കല്‍ കോളജെന്ന് എം.എം മണി പറഞ്ഞു.നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് വികസന സമിതി ചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, ഇടുക്കി ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ മോഹനന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ഷൈന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എ ജോണി, സാലി ഷാജി, പി.എന്‍ ദാസ്, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ശര്‍മിള, അഞ്ജലി രാജു, ബെന്നി തുണ്ടത്തില്‍, ജ്യോതി ധനരാജ്, ശ്രീലത ബിനീഷ്, വി.കെ പെരുമാള്‍, പി.ഡി ജോര്‍ജ്, നാഗജ്യോതി ഭാസ്‌കര്‍, എസ്.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.