കടകൾ കുത്തിത്തുറന്ന് മോഷണം പതിവ്; തോപ്രാംകുടിയിൽ തമ്പടിച്ച് മോഷ്ടാക്കൾ
മുരിക്കാശേരി ∙ തോപ്രാംകുടിയിൽ നാസ്മിയ സ്റ്റോഴ്സ് എന്ന പലചരക്ക് വ്യാപാര സ്ഥാപനത്തിന്റെ താഴ് തകർത്ത് ഏകദേശം പതിനെണ്ണായിരത്തോളം രൂപ മോഷ്ടിച്ചു. പുലർച്ചെ ഒന്നിനും രണ്ടരയ്ക്കും ഇടയിലായിരുന്നു മോഷണം. രണ്ടരയോടെ ടൗണിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന ജീവനക്കാരൻ എത്തിയപ്പോഴായിരുന്നു കടയുടെ താഴ് കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കട ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും കടയുടമയും എത്തി കട തുറന്ന ശേഷം നടത്തിയ പരിശോധനയിലാണ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ അടക്കമുള്ള തുക മോഷ്ച്ചതായി കണ്ടെത്തിയത്
പുലർച്ചെ ഒന്നു വരെ തോപ്രാംകുടി ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് സംഘം ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇടുക്കിയിൽ നിന്ന് എത്തിയ ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം ഇഴയുന്നു
തോപ്രാംകുടി ∙ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി നടക്കുന്ന മോഷണ സംഭവങ്ങളിൽ അന്വേഷണം ഇഴയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും വ്യാപക പ്രതിഷേധം. മാസങ്ങൾക്ക് മുൻപ് ഫെഡറൽ ബാങ്ക് എടിഎം കൗണ്ടർ വാഹനത്തിൽ കെട്ടി വലിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ഇക്കാലയളവിൽ തന്നെ മറ്റൊരു വ്യാപാര സ്ഥാപനം കുത്തി തുറന്ന് പണം അപഹരിച്ച സംഭവത്തിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
ഏതാനും മാസം മുൻപ് ടൗണിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് കുത്തി തുറന്നു. ചക്കുംമുട്ടിൽ ജോണിയുടെയും മുല്ലൂരാത്ത് ഷാജിയുടെയും ഇരുചക്രവാഹനങ്ങൾ രണ്ട് മാസം മുൻപാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. സമീപ മേഖലകളിലെ വീടുകളിലും, വ്യാപാര ശാലകളിലും ചെറുതും വലുതുമായ നിരവധി മോഷണ ശ്രമങ്ങളും പതിവായി അരങ്ങേറുന്നു. പക്ഷേ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പേരിനൊരു അന്വേഷണം നടത്തി പോകുന്നതല്ലാതെ നടപടിയില്ല.
മോഷണ പരമ്പരകളും കുറ്റകൃത്യങ്ങളും കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചിട്ടും കാര്യക്ഷമമായി അന്വേഷണം നടത്താത്തതിൽ പ്രതിഷേധിച്ചും, തോപ്രാംകുടിയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ ഒട്ടേറെ പരാതികളാണ് ഇക്കാലയളവിൽ അധികൃതർക്ക് നൽകിയത്. പ്രതിഷേധങ്ങളും സമരങ്ങളും പതിവു പോലെ നടന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാേ പൊലീസിനു കഴിഞ്ഞിട്ടില്ല. വീണ്ടും മോഷണ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങൾ ഭയചകിതരാണ്.