മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ഇഷ്ടസ്കൂൾ ലഭിച്ചില്ല; ആശങ്കയിൽ വിദ്യാർഥികൾ
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും, പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പും സ്കൂളും ലഭിക്കാത്തതിന്റെ നിരാശയിലാണു വിദ്യാർഥികൾ പലരും. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം മൂന്നു മടങ്ങായതോടെയാണ് പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറി മത്സരം കടുത്തത്. ഇതോടെ, പലർക്കും സ്വന്തം സ്കൂളിൽ പോലും പ്രവേശനം ലഭിക്കില്ലെന്നതാണ് സ്ഥിതി. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ ഉന്നതപഠനത്തിന് അർഹരായത് 11,197 പേരാണ്.
ഇതിൽ 2785 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് വൺ പ്രവേശനത്തിന്, ജില്ലയിലെ ആകെയുള്ള 7,747 മെറിറ്റ് സീറ്റുകളിലേക്കു 12,998 പേർ അപേക്ഷിച്ചിരുന്നു. ഇതിൽ 6,367 വിദ്യാർഥികളാണ് ആദ്യ അലോട്മെന്റിൽ ഇടം നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് അലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചിട്ടില്ല. സ്വന്തം സ്കൂൾ, സ്വന്തം തദ്ദേശസ്ഥാപനം തുടങ്ങിയ മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുൻഗണന വന്നതോടെയാണ് അപേക്ഷകരിൽ പലർക്കും ഇഷ്ട സ്കൂൾ ലഭിക്കാതെ വന്നത്.
സിബിഎസ്ഇ അടക്കം മറ്റു സിലബസുകളിൽ നിന്നുള്ള അപേക്ഷകരും ആശങ്കയിലാണ്. പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പെടാത്തവിധം കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ നിലപാട് ആവർത്തിക്കുന്നുമുണ്ട്. ആദ്യ അലോട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഒക്ടോബർ ഒന്നിന് പൂർത്തീകരിച്ച് രണ്ടാം അലോട്മെന്റ് ഒക്ടോബർ 7നു പ്രസിദ്ധീകരിക്കും.
ആദ്യ അലോട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്മെന്റുകൾക്കായി കാത്തിരിക്കണം. അതേസമയം, വിവിധ എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനു മത്സരം കടുക്കുമ്പോൾ, മികച്ച അധ്യാപകരടക്കം, എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഗ്രാമീണ മേഖലകളിലെ പല സർക്കാർ സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയും വർഷങ്ങളായുണ്ട്.