മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മെമ്മോറിയൽ വോളിബോൾ ചാമ്പ്യൻഷിപ്പ്: രാജമുടി ചാമ്പ്യന്മാർ

മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി ഇടുക്കി രൂപതയുടെ പ്രഥമമെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ സ്മരണാർത്ഥം നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി. മത്സരത്തിൽ രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇടുക്കി രൂപതയുടെ പ്രഥമമെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ സ്മരണാർത്ഥം രൂപതയിലെ ഇടവകകൾക്കായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ നിരവധി ടീമുകളാണ് പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
രൂപതയിലെ വിവിധ ഇടവകകൾ മാറ്റുരയ്ക്കുന്ന മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നൂറുകണക്കിന് കായിക പ്രേമികളാണ് മുരിക്കാശ്ശേരിയിൽ എത്തിയത്. ഇന്ന് (ഞായർ) രാത്രി നടന്ന സമാപന സമ്മേളനത്തിൽ മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ ശ്രീ.കെ ഡി മണിയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടുക്കി രൂപതയിലെ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് നരിതൂക്കിൽ, മോൺ. എബ്രഹാം പുറയാറ്റ് എന്നിവർ പങ്കെടുത്തു. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രഥമ വോളിബോൾ മത്സരത്തെ എല്ലാ ഇടവകകളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജമുടി ടീമിന് 15,000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിപ്പാറ ടീമിന് 10000 രൂപയും എവറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കരിക്കുംതോളം ടീമിന് 5000 രൂപയും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു.
ചാമ്പ്യൻഷിപ്പിന് ഫാ. നോബി പൊൻപനാൽ, ഫാ.സെബാസ്റ്റ്യൻ മനക്കലേട്ട്, ഫാ. ജിൻസ് കാരയ്ക്കാട്ട്, ശ്രീ. ജോർജ് കോയിക്കൽ, ശ്രീ. സാം സണ്ണി എന്നിവർ നേതൃത്വം നൽകി.









































































