ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾ പുലർച്ചെ കാട്ടാനയുടെ മുന്നിൽപെട്ടു; ഭാര്യയെ ആന ചവിട്ടിക്കൊലപ്പെടുത്തി
രാജകുമാരി ∙ ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ പുലർച്ചെ കാട്ടാനയുടെ മുന്നിൽപെട്ടു; വീട്ടമ്മയെ ആന ചവിട്ടിക്കൊലപ്പെടുത്തി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ മൂലത്തുറ എസ് വളവിൽ ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കാണു സംഭവം.ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. കുമാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
തമിഴ്നാട് തേനിയിലുള്ള ബന്ധുവീട്ടിലെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം ചട്ടമൂന്നാറിലേക്കു വരുമ്പോഴാണ് ഇവർ ഒറ്റയാന്റെ മുന്നിൽ പെട്ടത്. ഇരുട്ടും മൂടൽമഞ്ഞും കാരണം തൊട്ടുമുൻപിലെത്തിയപ്പോൾ മാത്രമാണ് ആനയെ കണ്ടത്. ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മറിഞ്ഞുവീണു. കുമാർ പിന്നിലേക്ക് ഓടി. വിജി എഴുന്നേൽക്കും മുൻപു തന്നെ ആന ആക്രമിച്ചു. തലയിൽ ആനയുടെ ചവിട്ടേറ്റാണ് വിജിയുടെ മരണം.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. ലക്കം നാവൽ ഡിവിഷനിലെ തോട്ടം തൊഴിലാളിയാണു വിജി. മൂന്നാറിലെ ബേക്കറി ജീവനക്കാരനാണ് കുമാർ. മക്കൾ: മനോജ്, പ്രീതി, പ്രിയദർശിനി.