മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ല : കുട്ടികൾക്ക് ട്യൂഷൻ നൽകി വനപാലകർ
ഉപ്പുതറ: മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കണ്ണംപടി ആദിവാസികുടികളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുകയാണ് കിഴുകാനം ബീറ്റ് ഫോറസ്റ്ററും സഹപ്രവർത്തകരും.
ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ സംശയനിവാരണം വരുത്തി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയാണ് വനപാലകരുടെ ലക്ഷ്യം.
നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ മലമുകളിലും ഉയരംകൂടിയ മരങ്ങളുടെ മുകളിലും കയറിയാണ് കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. എന്നാലിത് വിദ്യാർഥികൾക്ക് കാര്യമായ പ്രയോജനം നൽകിയില്ല.
ഇതാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാൻ വനപാലകർക്ക് പ്രേരണയായത്.
മൂന്നുമാസമായി ഇങ്ങനെ വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നു. കണ്ണംപടി വനമേഖലയിൽ 12 കുടികളാണുള്ളത്.
സ്കൂളിലും, ഓരോകുടികളിലും എത്തി രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിലാണ് ട്യൂഷൻ ക്ലാസ് നടത്തുന്നത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ലെനിൻ, ആരോഗ്യ വകുപ്പിലെ ജീവനക്കാരി ആസിഫ എന്നിവരാണ് പരിശീലകർ.