സംസ്ഥാനത്ത് കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് വീണാ ജോര്ജ്കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ മാര്‍ഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും.
അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചുപോയവര്‍ക്കു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന സമാന സംഭവങ്ങളിലും നഷ്ടപരിഹാരം നല്‍കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റികള്‍ വഴിയോ ജില്ലാ ഭരണകൂടങ്ങള്‍ വഴിയോ നഷ്ടപരിഹാരം അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ തുടര്‍ഘട്ടങ്ങളിലും മരിക്കുന്നവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അതല്ലെങ്കില്‍ ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെ അതു തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കിടെയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംഭവിച്ച മരണങ്ങള് കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നു ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി നല്കുന്ന അപേക്ഷാ ഫോമിനൊപ്പം ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മരണകാരണം കോവിഡാണെന്ന് ഉറപ്പിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഇതോടൊപ്പം നല്‍കണം. അപേക്ഷകളില്‍ 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണം. ഗുണഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.
നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലോ വകുപ്പ് മേധാവിയോ എന്നിവരുള്‍പ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കും.