സംരക്ഷണത്തിനും ശുചീകരണത്തിനും ;ജീവനക്കാരില്ലാതെ മിനി സിവില്‍ സ്റ്റേഷന്
കട്ടപ്പന: സംരക്ഷണത്തിനും ശുചീകരണത്തിനും ജീവനക്കാരില്ലാതെ നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് നാശത്തിന്റെ വക്കില്‍. ഇവിടുത്തെ ശുചിമുറികള്‍ ഉപയോഗ ശൂന്യമാണ്. മൂക്കുപൊത്തിക്കൊണ്ടു പോലും ഇവയ്ക്കുള്ളിലേക്കു കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ ഭിത്തിയിലൂടെ മഴവെള്ളം ഇറങ്ങുകയും ചെയ്യുന്നു. സബ് രജിസ്ട്രാര്‍ ഓഫിസ്, എ.ഇ.ഒ-ഡി.ഇ.ഒ ഓഫിസുകള്‍, എക്സൈസ് ഓഫിസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ശുചിമുറികള്‍ മാലിന്യം നിറഞ്ഞ നിലയിലാണ്. പൊതുശുചിമുറിയായതിനാല് പൂട്ടിയിടാന്‍ വിവിധ ഓഫിസുകളില്‍ ഉള്ളവര്‍ക്ക് സാധിക്കില്ല.
പൊതുജനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ശുചിമുറി കഴുകി വൃത്തിയായി സൂക്ഷിക്കാനും മറ്റുമായി ആരെയും നിയോഗിച്ചിട്ടില്ല. ശുചിമുറിയില്‍ മാലിന്യം തള്ളുന്നതും വൃത്തിഹീനമാക്കുന്നതും വര്‍ധിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. വിവിധ ഓഫിസുകളില്‍ ഉള്ള ജീവനക്കാര്‍ ശുചിമുറി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ചാലും നടക്കാത്ത സ്ഥിതിയാണ്. ശുചിമുറിയുടെയും മറ്റും പൈപ്പുകള്‍ക്ക് ചിലയിടങ്ങളില്‍ കേടുപാട് ഉണ്ടെന്ന് ആരോപണമുണ്ട്.
പൈപ്പ് പൊട്ടി ഒഴുകുന്നതായും ആക്ഷേപം ഉണ്ടെങ്കിലും നന്നാക്കാന്‍ നടപടി ഉണ്ടാകുന്നില്ല. കെട്ടിടത്തിന്റെ സംരക്ഷണത്തിനും ശുചീകരണത്തിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2019 ഡിസംബര്‍ പത്തിന് സിവില്‍ സേ്റ്റഷന് ഉദ്ഘാടനം ചെയ്തെങ്കിലും അഞ്ച് മാസത്തിനുശേഷമാണ് ഓഫിസുകള്‍ ഇവിടേക്കു മാറ്റാനായത്. ഉദ്ഘാടനം ചെയ്ത് ഏഴ് മാസം പിന്നിടുന്നതിനു മുന്‍പുതന്നെ കെട്ടിടത്തില്‍ ചോര്‍ച്ച ഉണ്ടായത് വിവാദമായിരുന്നു. അതിനുശേഷം അറ്റകുറ്റപ്പണികള്‍ നടത്തി അവ പരിഹരിച്ചെങ്കിലും പ്രശ്നം പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല.
ഡി.ഇ.ഒ ഓഫിസിന്റെ റെക്കോര്‍ഡ് റൂം ആയി അനുവദിച്ചിരിക്കുന്ന ജനറേറ്റര്‍ റൂമിലേക്കു വെള്ളം ഇറങ്ങുന്ന സ്ഥിതിയാണ്. കൂടാതെ ഡി.ഇ.ഒ ഓഫിസിനു മുന്‍വശത്തെ ഭിത്തിയിലൂടെയും മഴവെള്ളം ഇറങ്ങുന്നുണ്ട്. എത്രയും വേഗം മിനി സ്റ്റേഷനില്‍ സംരക്ഷണത്തിനും ശുചീകരണത്തിനുമായി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്