റോഡില്‍ പതിക്കാനെത്തിച്ച തറയോടുകള്‍;കാടുകയറി മൂടിയ നിലയില്‍; കുഴിയടയ്ക്കാന്‍ നടപടിയില്ല
കട്ടപ്പന: റോഡില്‍ കുഴികള്‍ രൂപപ്പെടുന്ന ഭാഗത്ത് പതിക്കാനായി എത്തിച്ച തറയോടുകള്‍ കാടുകയറി മൂടിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മാര്‍ക്കറ്റ് ജങ്ഷന്-കുന്തളംപാറ പൊതുമരാമത്ത് റോഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ഭാഗത്താണ് റോഡില്‍ പാകാനായി എത്തിച്ച തറയോടുകളാണു കാടുകയറി മൂടിയത്.
പഴയ ബസ് സ്റ്റാന്‍ഡിലൂടെ എത്തുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുന്തളംപാറ റോഡിലെ ഈ ഭാഗത്ത് എത്തിയശേഷമാണ് പുതിയ സ്റ്റാന്‍ഡിലേക്ക് പോകുന്നത്. പഴയ സ്റ്റാന്‍ഡില്‍ നിന്ന് എത്തുന്ന ഭാഗത്ത് ഇറക്കമായതിനാല്‍ അവിടെ നിന്ന് മഴവെള്ളം കുത്തിയൊഴുകി ടാറിങ് തകരുന്നത് പതിവാണ്. മൂന്ന് ഭാഗത്തു നിന്നും വാഹനങ്ങള്‍ എത്തുന്നതിനാലും കുഴികള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചു നീക്കുമ്പോഴുമെല്ലാം ഇവിടെ അപകടം സംഭവിക്കാണുണ്ട്.
ടാറിങ് നടത്തിയാലും അധികം വൈകാതെ അതു തകരും. പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ തറയോടുകള്‍ എത്തിച്ച് റോഡരികില്‍ അടുക്കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണി നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. രാത്രി ചിലര്‍ തറയോടുകള്‍ കടത്തിക്കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്.