ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ട്രയല്‍ റണ്‍

ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ട്രയല്‍ റണ്‍ നടത്തി. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന വിനോദമാണിത്. ഒരാള്‍ക്ക് വീതവും രണ്ടാള്‍ക്കും ഒപ്പം തനിയെ തുഴഞ്ഞു സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ ഉപയോഗിച്ചത്.
പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രയല്‍ വിജയിച്ചതോടെ ഉടനടി പദ്ധതി നടപ്പിലാക്കാന്‍ സാധിക്കും.
ഇടുക്കി സംഭരണിയുടെ ഭാഗമായ ഇവിടെ പെരിയാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അയ്യപ്പന്‍ കോവില്‍ തൂക്കുപാലവും പ്രസിദ്ധമാണ്.
ജില്ലാ ഭരണകൂടം, പഞ്ചായത്ത്, ഡിടിപിസി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കയാ ക്കിങ്ങിനോടൊപ്പം അമിനിറ്റി സെന്ററും അനുബന്ധ സൗകര്യങ്ങളും അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. ഒരു ദിവസം കൊണ്ട് ഇടുക്കി കാണാന്‍ എത്തുന്നവര്‍ക്ക് ഇടുക്കി ഡാം – അഞ്ചുരുളി – അയ്യപ്പന്‍കോവില്‍ – വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങാനാകും. പെരിയാറില്‍ ഈ കായിക വിനോദം പ്രാവര്‍ത്തികമാക്കുമ്പോള്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത് പോലെയുള്ള ചെറിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഡിഡിസിയോടൊപ്പം അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍, ഡിറ്റിപിസി അധികൃതര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.