കട്ടപ്പന നഗരസഭയില്‍ പി.എസ്.സി ജില്ലാ ഓഫീസിന് പുതിയ മന്ദിരം അമ്പല കവലയ്ക്ക് സമീപം; ആലോചന യോഗം ചേര്‍ന്നു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇടുക്കി ജില്ലാ ഓഫീസ് നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഉന്നതതലയോഗം കട്ടപ്പന നഗരസഭയില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി യോഗത്തിന് അധ്യക്ഷത വഹിച്ചു.
നിലവില്‍ ഭവന നിര്‍മാണ ബോര്‍ഡ് വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി. ജില്ലാ ഓഫീസിന് കെട്ടിടം നിര്‍മിക്കാനായി കട്ടപ്പന നഗരസഭ അമ്പലക്കവലയില്‍ 20 സെന്റ് സ്ഥലം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനായി എല്ലാ ജില്ലകളിലും സ്വന്തമായി ഓഫീസുകളും പരീക്ഷാ കേന്ദ്രങ്ങളും നിര്‍മിക്കുമെന്നും ഇത് നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും പി.എസ്.സി. അധികൃതര്‍ പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ മൂന്ന് നിലകളിലായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.
നഗരസഭ പി.എസ്.സി. ഓഫീസിനായി വിട്ടു നല്‍കിയ സ്ഥലത്തേയ്ക്ക് ചോദ്യ പേപ്പറുകളും പരീക്ഷാ സാമഗ്രികളുമായെത്തുന്ന വലിയ വാഹനം കയറില്ലെന്ന് യോഗത്തില്‍ പി.എസ്.സി. അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പ്രശ്നം എങ്ങിനെ പരിഹരിക്കാം എന്നറിയാനായി മന്ത്രിയുള്‍പ്പെടുന്ന സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തി. തുടര്‍ന്ന് നിലവിലുള്ള സ്ഥലത്തേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ നിലവില്‍ നല്‍കിയിരുന്ന വഴി തെക്കേ അതിരിലേക്ക് മാറ്റി നല്‍കാനും ധാരണയായി
അടിമാലി കുമളി ദേശീയപാതയിലെ അമ്പല കവലയ്ക്ക് സമീപം 20 സെന്റ് സ്ഥലം ആണ് പി.എസ്.സി. ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ നഗരസഭ സൗജന്യമായി വിട്ടുനല്‍കിയത്. 2018 ലാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ പിഎസ്സിയ്ക്ക് കൈമാറിയത്. എട്ടു കോടി രൂപ ആണ് നിര്‍മ്മാണച്ചെലവില്‍ മൂന്നുനില കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ നടത്താവുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വെരിഫിക്കേഷന്‍ മുറി, അഭിമുഖത്തിനുള്ള മുറി, പരീക്ഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവിധോദ്ദേശ്യ മുറി, ഓഫീസിലെത്തുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉള്ള സൗകര്യങ്ങള്‍ തുടങ്ങിയവയുടെ സമുച്ചയമാണ് നിര്‍മ്മിക്കുക.