അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.ഇടിച്ച വാഹനം കണ്ടെത്താനായില്ല

അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. ഇടിച്ചവാഹനം കണ്ടെത്താനായില്ല. കരടിക്കുഴി 55 ആം മൈൽ സ്വദേശി തോമസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ ദേശീയ പാത 183ൽ കരടിക്കുഴി എൽ.പി. സ്കൂളിന് സമീപം ദേശീയ പാതയരികിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന തോമസിനെ അജ്ഞാത വാഹനം ഇടിച്ച് ഇടുകയായിരുന്നു. തൊട്ടടുത്ത തേയില തോട്ടത്തിനരികിലെ വേലിയ്ക്ക് സമീപത്തു നിന്നാണ് തോമസിനെ കണ്ടെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ക്രാഷ് ബാരിയറിന്റെ മുകളിൽ നിന്നും കണ്ടെത്തി. തോമസിനെ രാത്രി 9 മണിയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് തോമസിനെ കണ്ടെത്തിയത്. സമീപത്ത് തോമസിന്റെ ചെരുപ്പും കണ്ടെത്തി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.













































































