ലോകകപ്പിനുശേഷം കോലി ട്വന്റി20 നായകപദവി ഒഴിയും
വിരാട് കോലി ട്വന്റി–20 നായകസ്ഥാനമൊഴിയും. ദുബായില്‍ നടക്കുന്ന ട്വന്റി–20 ലോകകപ്പിന് ശേഷമാകും കോലിയുടെ പടിയിറക്കം. മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരുമ്പോഴുണ്ടാകുന്ന ജോലിഭാരമാണ് കോലിയെ തീരുമാനത്തിലെത്തിച്ചത്. ട്വിറ്ററിലൂടെയാണ് കോലിയുടെ പ്രഖ്യാപനം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരും. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുകയാണ്. ഇത് കടുത്ത ജോലിഭാരമാണ്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഏകദിന. ടെസ്റ്റ് ടീമുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ട്വന്റി–20 ടീമിനായി കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇനിയും ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടി–20 ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.
ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് കോലി പറഞ്ഞു. പരിശീലകന്‍ രവി ശാസ്ത്രി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനം. ബിസിസിഐ പ്രസിഡന്റ്്, സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും കോലി സംസാരിച്ചു. എന്നാല്‍ കോലി ട്വന്റി–20 നായകസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ലാണ് മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി വിരാട് കോലി കുട്ടിക്രക്കറ്റില്‍ നായകസ്ഥാനത്തേക്ക് എത്തുന്നത്. അടുത്തമാസം വരാനിരിക്കുന്ന ലോകകപ്പ് കോലി നയിക്കുന്ന ആദ്യത്തേയും അവസാനത്തേയും ട്വന്റി–20 ലോകകപ്പാകും.45 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 27 ജയവും നേടി. 14 മല്‍സരങ്ങളില്‍ തോറ്റു. എംഎസ് ധോണിക്ക് ശേഷം ഏറ്റവും കൂടുതല്‍ ട്വന്റി–20 മല്‍സരങ്ങള്‍ നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍.
നേരത്തെ കോലി ട്വന്റി–20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും രോഹിത് ശര്‍മ സ്ഥാനമേറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇത് തള്ളിയിരുന്നു. മാധ്യസൃഷ്ടിയാണ് ഇതെന്നായിരുന്നു പ്രതികരണം. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകും അടുത്ത ട്വന്റി–20 ക്യാപ്റ്റന്‍ എന്നാണ് സൂചന. ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞിട്ടില്ല. നായകനായി അവസാന ട്വന്റി–20 ലോകകപ്പാകും ഇതെന്നതിനാല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കോലി ലക്ഷ്യമിടുന്നുണ്ടാകില്ല. കോലിക്ക് ഇതുവരെ ഒരുഐസിസി കിരീടം പോലും നേടാന്‍ കോലിക്ക്കഴിഞ്ഞിട്ടില്ല.