വേറിട്ട അനുഭവം പകര്‍ന്ന് മൂന്നാറില്‍ പൊലീസിന്റെ വനിതാ പരാതി അദാലത്ത്
ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പ സാമിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാറില്‍ നടത്തിയ വനിതാ പരാതി അദാലത്ത് വ്യത്യസ്ത അനുഭവമായി . ദേവികുളം താലൂക്കിലെ ഏഴു സ്റ്റേഷനുകളില്‍ നിന്നായി 30 കേസുകള്‍ പരിഗണിച്ചു.
മൂന്നാറിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിലായിരുന്നു അദാലത്ത്. അഡീഷണല്‍ എസ്.പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചു.. താലൂക്കിലെ ഏഴു സ്റ്റേഷനുകളില്‍ നിന്നുള്ള 28 കേസുകളും പിങ്ക് പോലീസിന് ലഭിച്ച രണ്ടു പരാതികളുമുള്‍പ്പെടെ 30 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ദേവികുളം, ശാന്തമ്പാറ, അടിമാലി, വെള്ളത്തൂവല്‍ എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വനിതകളാണ് അദാലത്തില്‍ പങ്കെടുത്തത്.
ഗാര്‍ഹികവും അതിര്‍ത്തി സംബന്ധമായ പരാതികളായിരുന്നു കൂടുതലും. മുപ്പതു പരാതികളില്‍ ഒരെണ്ണം പോലും ക്രിമിനല്‍ സ്വഭാവമുളളതായിരുന്നില്ല. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് വനിതാ പോലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായിരുന്നു പരാതികള്‍ കേട്ട് ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മൂന്നാര്‍ ഡിവൈ.എസ്.പി എം.ആര്‍.മനോജ്, സി.ഐ മനേഷ് എം. പൗലോസ്, വനിതാ സെല്‍ സി.ഐ ആര്‍.ജെ.ജോഷി, വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.