ഇടുക്കിയുടെ സാംസ്‌കാരിക സംരക്ഷണം ജില്ലയെ പൂര്‍ണതയിലെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി ജില്ലയുടെ ചരിത്രവും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നത് ജില്ലയെ എല്ലാരംഗങ്ങളിലും പൂര്‍ണതയിലെത്തിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊലുമ്പന്‍ തീയേറ്ററിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയുടെ ചരിത്രത്തിലെ പ്രധാന കണ്ണിയാണ് ആദിവാസി മൂപ്പനായിരുന്ന കൊലുമ്പന്‍. ആര്‍ച്ച് ഡാമിന്റെ വഴികാട്ടിയാണ് അദ്ദേഹം. വളര്‍ന്നുവരുന്ന ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ എടുത്തുകാട്ടാന്‍ ഇത്തരത്തിലുള്ള ചുവടുവയ്പിലൂടെ കഴിയും. ഇക്കാര്യത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് മാതൃകാപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതതെന്ന് മന്ത്രി പറഞ്ഞു.
ഒട്ടേറെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഇതിനകം ഭൂമി വിട്ടുതന്നിട്ടുണ്ട്. ഇനിയും ആവശ്യമുണ്ട്. ഇതിലൂടെ ടൂറിസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയും. മെഡിക്കല്‍ കോളേജിന് 50 ഏക്കര്‍ വിട്ടുതന്നു.ഇടുക്കി ജില്ലാ ആസ്ഥാനത്തെ പൂര്‍ണതയിലേക്കു കൊണ്ടുവരാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യന്‍ സ്വാഗതം പറഞ്ഞു.
വൈസ്പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, കൊലുമ്പന്റെ പൗത്രന്‍ തേവന്‍ ഭാസ്‌കരന്‍ കാണി, ശില്‍പ്പി ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തേവന്‍ ഭാസ്‌കരനെയും ഹരിലാലിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കൊലുമ്പന്‍ തീയേറ്ററിന്റെ നിര്‍മാണത്തിനുള്ള ആയുധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശില്പിക്കു കൈമാറി. സെക്രട്ടറി ബി. സുനില്‍കുമാര്‍ നന്ദി പറഞ്ഞു.