കോവിഡ് മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം,കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .
കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുക. ഒരാള്‍ കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് കണക്കില്‍പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താലും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശവും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ മാര്‍ഗരേഖ പുതുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവയും പരിശോധിക്കും. ചിലപ്പോള്‍ മരണക്കണക്കില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. കോവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ സംസ്ഥാനം വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സമ്ബൂര്‍ണ വാക്‌സിനേഷനിലേക്ക് നീങ്ങുകയാണ്. രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചവരില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് (ബ്രേക്ക്ത്രൂ കേസുകള്‍). ഇവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ല.
അതുകൊണ്ടു കോവിഡ് പ്രതിരോധത്തിനു വാക്‌സീന്‍ നിര്‍ണായകമാണ്.