വാഗമൺ റൂട്ടിൽ കർശന പരിശോധനകളുമായി മോട്ടർ വാഹന വകുപ്പ്
വാഹന അപകടങ്ങൾ പെരുകുന്ന കാഞ്ഞാർ– വാഗമൺ, മൂലമറ്റം – വാഗമൺ റൂട്ടുകളിൽ കർശന പരിശോധനകളുമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം ഉപ്പുതറ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി വാൻ നിയന്ത്രണം വിട്ട് മറഞ്ഞ് ഒട്ടേറെ പേർക്ക് പരുക്കേറ്റ സംഭവത്തെ തുടർന്നാണ് റോഡിൽ പരിശോധന ശക്തമാക്കിയത്. അവധി ദിവസങ്ങളിലും മറ്റും കൂടുതൽ സഞ്ചാരികൾ വരുന്ന ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
വീതി കുറഞ്ഞ റോഡിൽ പരിചയക്കുറവുള്ള ഡ്രൈവർമാരാണ് പലപ്പോഴും അപകടത്തിൽപെടുന്നത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും അപകടം വർധിക്കുന്നതിനു ഇടയാക്കുകയാണ്. ചില ഡ്രൈവർമാർ ഇറക്കത്തിൽ വാഹനം ന്യൂട്രൽ ആക്കി ഇന്ധനം ലാഭിക്കാൻ നടത്തുന്ന ശ്രമവും അപകടത്തിന് ഇടയാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ റോഡിൽ വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പായി സൈൻ ബോർഡുകൾ ഇല്ലാത്തത് അപകടം വർധിക്കാൻ ഇടയാക്കുന്നുണ്ട്.
മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീറിന്റെ നിർദേശ പ്രകാരം എംവിഐ വി.എ.അബ്ദുൽ ജലീൽ, എഎംവിഐമാരായ പി.ആർ.രാംദേവ്, എം.ദിനേശ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് റോഡിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.