ഭൂപ്രശ്‌നങ്ങളുടെ പരിഹാരം ;നടപടികൾ ഇഴയുന്നു; സമരം ആരംഭിക്കും- ഹൈറേഞ്ച് സംരക്ഷണസമിതി
കട്ടപ്പന : ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടെങ്കിലും നടപടികൾ ഇഴയുന്നത് പ്രതിഷേധകരമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. പ്രശ്‌നപരിഹാരത്തിന് സർക്കാർ വേഗത്തിൽ നടപടികൾ എടുക്കുന്നില്ലെങ്കിൽ മറ്റു സംഘടനകളുമായി ചേർന്ന് സമരം ശക്തമാക്കും. വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചും അത്തരം നിർമാണങ്ങൾ നിരോധിച്ചും സർക്കാർ ഇറക്കിയ ഉത്തരവുകളും തുടർന്നുണ്ടായ ഇടപെടലുകളും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
1964-ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിഷയം പരിഹരിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. 14-ന് 2423 പേർക്ക് പട്ടയം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ കല്ലാർകുട്ടി, പൊന്മുടി, പത്തുചെയിൻ മേഖലകളിൽ പട്ടയ നടപടികൾ ആരംഭിക്കാത്തതും പ്രതിഷേധാർഹമാണ്.
വനംവകുപ്പിനെ നിയന്ത്രിക്കുന്നതിന് ശ്രമങ്ങൾ ഉണ്ടാകുന്നില്ല. വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്ന് താലൂക്ക് ഓഫീസർ റിപ്പോർട്ട് നൽകിയ പിച്ചാട്, പ്ലാമല മേഖലയിലെ കൈവശഭൂമിയിൽ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.
മാങ്കുളം കമ്പിനിക്കുടിയിലെ കൈവശഭൂമിയിലെ ഏലച്ചെടികളും വെട്ടിനശിപ്പിച്ചു. അനുമതിയോടെ പട്ടയഭൂമിയിലെ മരം മുറിച്ചവർക്കെതിരെ കേസിന് ശ്രമം തുടരുമ്പോൾ നിയമലംഘനം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഇക്കാര്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ.മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് എന്നിവർ പറഞ്ഞു.