എന്ന് നന്നാകും ഈട്ടിത്തോപ്പ്-മേലേചിന്നാർ റോഡ്
ഈട്ടിത്തോപ്പ് : നത്തുകല്ല് കല്ലാർകുട്ടി റോഡിന്റെ ഭാഗമായ ഈട്ടിത്തോപ്പ് മുതൽ മേലേചിന്നാർ വരെയുള്ള ഭാഗം റീടാർ ചെയ്യാൻ നടപടിയില്ല. ആറുവർഷമായി അഞ്ച് കിലോമീറ്റർ വരുന്ന റോഡിന്റെ ഭാഗം തകർന്നുകിടക്കുകയാണ്. വെള്ളക്കെട്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലാതായി.
നത്തുകല്ല് കല്ലാർകുട്ടി റോഡിന്റെ ഭാഗമായ വിവിധ പ്രദേശങ്ങൾ ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ് നടത്തിയിട്ടുണ്ട്. എന്നാൽ, ഇരട്ടയാർ മുതൽ പറുസിറ്റി വരെയുള്ള ഭാഗത്ത് ഇതേപോലെ ടാറിങ് നടത്താൻ നടപടിയുണ്ടായില്ല. ഈട്ടിത്തോപ്പ് മുതൽ മേലേചിന്നാർ വരെയുള്ള ഭാഗവും തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി
ബസ് റൂട്ടും നിലച്ചു
അടിമാലിയിൽ നിന്ന് കട്ടപ്പന യാത്ര ചെയ്യുന്നവർക്ക് ഏറ്റവും ദൈർഘ്യം കുറഞ്ഞ വഴിയാണ് നത്തുകല്ല് കല്ലാർകുട്ടി റോഡ്. ഹൈറേഞ്ചിലെ രണ്ട് വാണിജ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത എന്നതിലുപരി ദിവസേന വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. മുൻപ് കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. ഇപ്പോൾ അപൂർവം ചില ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.