കയർ കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരിയുടെ മരണം; 2 വർഷമായിട്ടും മാറാതെ ദുരൂഹത
മൂന്നാർ∙ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരി വീടിനുള്ളിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച സംഭവത്തിന് ഇന്നു രണ്ടു വർഷം പൂർത്തിയാകുന്നു. സംഭവത്തിലെ ദുരൂഹത കണ്ടെത്താൻ ഇപ്പോഴും ഉൗർജിത അന്വേഷണത്തിലാണ് പൊലീസ്. 2019 സെപ്റ്റംബർ 9ന് ആണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലെ തൊഴിലാളി ലയത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉൗഞ്ഞാൽ ആടുന്നതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണം എന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ പെൺകുട്ടി പല തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. അന്നത്തെ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ നിയോഗിക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്തെങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല.
മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പീഡിപ്പിച്ചയാളെ കണ്ടെത്താനായിരുന്നു ആദ്യം മുതൽ പൊലീസിന്റെ ശ്രമം. എന്നാൽ ക്രമേണ അന്വേഷണം വഴിമുട്ടി. വണ്ടിപ്പെരിയാർ പീഡന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും ഉൗർജിതമായത്.
കഴിഞ്ഞ ജൂലൈയിൽ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ.കറുപ്പസ്വാമി നിയമിച്ചു. മൂന്നാറിൽ ക്യാംപ് ചെയ്ത് ഈ സംഘം ഉൗർജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും സാക്ഷികളോ ഫൊറൻസിക് തെളിവുകളോ ഇല്ലാത്തത് കേസിന്റെ പുരോഗതിയെ ബാധിക്കുന്നുണ്ട്.
ഡമ്മി പരീക്ഷണം നടത്തും
പെൺകുട്ടി കയർ കഴുത്തിൽ കുരുങ്ങി മരിക്കാനിടയായ സാഹചര്യം ഡമ്മി പരീക്ഷണത്തിലൂടെ പുനരാവിഷ്കരിക്കുമെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി എ.ജി.ലാൽ പറഞ്ഞു. കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ തന്നെ പുരോഗമിക്കുന്നു. ഗുണ്ടുമലയിൽ ക്യാംപ് ഓഫിസ് പ്രവർത്തിക്കുന്നു. മൂന്നു ദിവസത്തിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തി വരുന്നതായും ഏറെ താമസിയാതെ ഈ കേസിലെ ദുരൂഹത നീക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ലാൽ പറഞ്ഞു.