ഇടുക്കി മെഡിക്കൽ കോളജ് ഇനി മിടുക്കി കോളജ്
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരം നൽകുന്നതിനു മുന്നോടിയായി വിദഗ്ധ സംഘത്തിന്റെ പരിശോധനകൾ നടക്കാനിരിക്കെ ഈ അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ. മുൻവർഷങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനു തടസ്സമായി നിന്നിരുന്ന ഒട്ടേറെ ന്യൂനതകൾ കഴിഞ്ഞ ഒരു വർഷം കൊണ്ടു പരിഹരിച്ചുകഴിഞ്ഞു.
ബാക്കിയുള്ളവ അടുത്ത 2 മാസം കൊണ്ടു പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. എന്നാൽ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങൾ തിരിച്ചടിയായേക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മുൻവർഷങ്ങളിൽ 50 മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാൻ ഭൗതികസാഹചര്യമുള്ള കോളജുകൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത് 100 കുട്ടികൾക്ക് എന്നാക്കി മാറ്റിയിരിക്കുകയാണ്.
മെഡിക്കൽ കോളജുകളുടെ മേൽനോട്ട ചുമതല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നു നാഷനൽ മെഡിക്കൽ കൗൺസിൽ ഏറ്റെടുത്തതോടെയാണിത്. ഈ സാഹചര്യത്തിൽ 50 കുട്ടികൾക്കുള്ള പഠനസൗകര്യം പോലും പൂർത്തിയാകാത്ത ഇടുക്കി മെഡിക്കൽ കോളജിനു നാഷനൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനായി ഇനിയുള്ള 3 മാസം കഠിനപ്രയത്നം നടത്തേണ്ടിവരും.
ആശുപത്രി പൂർണ സജ്ജമാക്കണം
∙ മെഡിക്കൽ കോളജിനായി നിർമിച്ച പുതിയ മന്ദിരത്തിൽ 80 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുങ്ങിയെങ്കിലും പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ല. 3 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള മന്ദിരത്തിന്റെ 90% പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. സീലിങ്, ഇലക്ട്രിക്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ ജോലികൾ ഇനിയും അവശേഷിക്കുന്നു. ഇതിനു പുറമേ ജനറേറ്റർ സംവിധാനവും പൂർത്തിയാകണം.
ഇതിനൊപ്പം ബൃഹത്തായ മന്ദിരത്തിൽ ലിഫ്റ്റ് സ്ഥാപിക്കുകയോ അല്ലെങ്കിൽ ഇതിനായി തയാറാക്കിയിരിക്കുന്ന വിടവുകൾ താൽക്കാലികമായി അടയ്ക്കുകയോ ചെയ്താൽ കിടത്തിച്ചികിത്സ ആരംഭിക്കാം. നിലവിൽ ഉദ്ഘാടനം കഴിഞ്ഞ മന്ദിരത്തിൽ ഒപി വിഭാഗവും കോവിഡ് പരിശോധനാ വിഭാഗവുമാണു പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ഐസിയു, ഓപ്പറേഷൻ തിയറ്റർ, സർജറി തിയറ്റർ എന്നിവയെല്ലാം ഇനി ഒരുക്കേണ്ടതുണ്ട്.
ഐസിയു ബ്ലോക്ക് നിർമാണവും മന്ദഗതിയിലാണ്. ഇതിനോടു ചേർന്നു രണ്ടാമത്തെ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചെങ്കിലും വേഗം തീരെയില്ല. ഫലത്തിൽ കോടിക്കണക്കിനു രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ മെഡിക്കൽ കോളജിൽ നടക്കുന്നുണ്ടെങ്കിലും രോഗികൾക്കു പ്രയോജനം ഉണ്ടാകുന്നില്ല. എന്നാൽ മെഡിക്കൽ കോളജിനോട് അനുബന്ധിച്ചുള്ള പഴയ ജില്ലാ ആശുപത്രിയിൽ മെച്ചപ്പെട്ട കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഐസിയു സംവിധാനവും ഒരുങ്ങിയതോടെ വിദഗ്ധചികിത്സയാണു ലഭിക്കുന്നത്.
തടസ്സമായി അനുബന്ധ നിർമാണങ്ങൾ
∙ മുൻവർഷങ്ങളിൽ പോരായ്മയായി വിദഗ്ധസംഘം ചൂണ്ടിക്കാണിച്ച കുട്ടികളുടെ ഹോസ്റ്റൽ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ലൈബ്രറിയിൽ മുൻപ് എപ്പോഴോ വാങ്ങിക്കൂട്ടിയിരിക്കുന്ന കാലഹരണപ്പെട്ട ചില പുസ്തകങ്ങൾ മാത്രമാണുള്ളത്. മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തിന് അനുസൃതമായി 100 കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള ക്ലാസ് മുറികളും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. ഇതിനൊപ്പം രണ്ടാംവർഷ ക്ലാസിന് ആവശ്യമായ പതോളജി, മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ ലാബുകൾ എന്നിവ അടിയന്തരമായി പ്രവർത്തനസജ്ജമാകണം.
ഡോക്ടർമാരും ജീവനക്കാരും കുറവ്
∙ ഇടുക്കി മെഡിക്കൽ കോളജിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവും പ്രകടമാണ്. 50 മെഡിക്കൽ സീറ്റുകൾക്ക് അംഗീകാരം തേടി മുൻപ് അപേക്ഷ നൽകിയപ്പോൾ നൂറിലേറെ ജീവനക്കാരെ ഇവിടേക്കു നിയമിച്ചിരുന്നു. എന്നാൽ ഇവരിൽ പലരും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നില്ല. ഒട്ടേറെ പേർ സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിലേക്കു സ്ഥലം മാറി പോയപ്പോൾ ചിലർ അവധിയിലും മറ്റു ചിലർ അനധികൃത അവധിയിലുമാണ്. എഴുപതിലേറെ ഡോക്ടർമാരുടെ തസ്തികയുള്ള മെഡിക്കൽ കോളജിൽ പകുതിയോളം പേർ ജോലിക്ക് എത്തുന്നില്ലെന്നാണു യാഥാർഥ്യം.
റേഡിയോളജി വിഭാഗത്തിൽ 4 തസ്തിക ഉള്ളപ്പോൾ ഒരു ഡോക്ടർ മാത്രമാണു പേരിനെങ്കിലും ജോലിക്ക് എത്തുന്നത്. മറ്റു വിഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇതോടെ ആധുനിക പരിശോധനാ സാമഗ്രികൾ ഉണ്ടെങ്കിലും പരിശോധിക്കാൻ വിദഗ്ധർ ഇല്ലാത്തതിനാൽ കാലഹരണപ്പെടുകയാണ്. മെഡിക്കൽ കോളജിന്റെ ഭാഗമായി 10 സ്റ്റാഫ് നഴ്സുമാരെ മാത്രമാണു നിയമിച്ചിരിക്കുന്നത്. നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ, ശുചീകരണ വിഭാഗം എന്നീ തസ്തികകളിലും ആവശ്യത്തിനു തസ്തികകളോ ജീവനക്കാരോ ഇല്ല. പുതിയ ആശുപത്രി ബ്ലോക്ക് പ്രവർത്തന സജ്ജമാകണമെങ്കിൽ ഈ കാര്യങ്ങളിലും പരിഹാരമുണ്ടാകണം.
ഒത്തുപിടിച്ചാൽ കിട്ടും അംഗീകാരവും
∙ ഇടുക്കി മെഡിക്കൽ കോളജ് അഭിമാനപ്രശ്നമായി സർക്കാരും ആരോഗ്യവകുപ്പും ഏറ്റെടുത്തിരിക്കുന്നതിനാൽ നിലവിലുള്ള തടസ്സങ്ങൾ മൂന്നു മാസം കൊണ്ടു മറികടക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിതവിഭാഗം, എമർജൻസി ഓപ്പറേഷൻ തിയറ്റർ, പൂർണസജ്ജമായ മെഡിക്കൽ, സർജിക്കൽ ഐസിയുകൾ, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, വിപുലമായ ലബോറട്ടറി സംവിധാനം തുടങ്ങിയവ അടിയന്തരമായി പൂർത്തിയാക്കാനുള്ള നിർദേശം നൽകിക്കഴിഞ്ഞു.
ഹോസ്റ്റലുകളുടെയും ക്വാർട്ടേഴ്സുകളുടെയും ലൈബ്രറിയുടെയും നിർമാണപ്രവർത്തനങ്ങളും ഇതിനൊപ്പം വേഗത്തിലാക്കുന്നതിനും പദ്ധതിയുണ്ട്. അംഗീകാരം നൽകുന്നതിനു മുന്നോടിയായുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകൾക്കു മുൻപ് ആവശ്യത്തിനു ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും കൂടി ഇവിടേക്കു നിയമിച്ചാൽ ഈ അധ്യയനവർഷം തന്നെ ഇടുക്കി മെഡിക്കൽ കോളജിൽ 100 കുട്ടികൾക്കു പഠിക്കാനുള്ള ഭൗതിക സാഹചര്യം ഒരുങ്ങും. ഇതോടൊപ്പം ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റി സേവനങ്ങൾ കൂടി യാഥാർഥ്യമായാൽ മലയോരജനതയുടെ ദുരിതത്തിന് അറുതിയാകും.