സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു, ജീവനോടെ കുഴിച്ചുമൂടി; തെളിവെടുപ്പിനിടെ കുറ്റസമ്മതം
അടിമാലി (ഇടുക്കി) ∙ കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
പണിക്കൻകുടിയിൽ വീട്ടമ്മ സിന്ധുവിനെ സ്വന്തം വീടിന്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നു പ്രതി ബിനോയിയുടെ മൊഴി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടെയാണു പ്രതിയുടെ കുറ്റസമ്മതം.
സിന്ധുവിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മനഃസാക്ഷി മരവിക്കുന്ന വിവരങ്ങൾ ഓരോന്നായി തെളിവെടുപ്പിനിടെ പ്രതി പൊലീസിനോടു വിവരിച്ചു. വർഷങ്ങളായി തനിക്കൊപ്പം താമസിക്കുന്ന സിന്ധുവിനെ ജീവനോടെയാണ് ബിനോയ് കുഴിച്ചുമൂടിയത്. സംശയത്തെ തുടർന്നായിരുന്നു ക്രൂരത. സിന്ധുവിനെ മർദിച്ച ശേഷം തറയിൽ കിടത്തി കഴുത്ത് ഞെരിച്ചു ബോധരഹിതയാക്കി. തുടർന്ന് മണ്ണെണ്ണയൊഴിച്ചു തീയിട്ടു.
സിന്ധു നിലവിളിച്ചതോടെ ശരീരത്തിൽ വെള്ളമൊഴിച്ചു. ജീവനോടെ കുഴിയിലിട്ടു മൂടി. പിന്നീടു മണ്ണിട്ട് അടുക്കള പഴയതു പോലെയാക്കി. പൊലീസ് നായയ്ക്കു മണം കിട്ടാതിരിക്കാൻ മുളക്പൊടി വിതറുകയും സിന്ധുവിന്റെ തല പ്ലാസ്റ്റിക്ക് കൊണ്ടു പൊതിയുകയും ചെയ്തു. മൂന്നാഴ്ച്ചത്തെ അന്വേഷണത്തിനൊടുവിൽ ഇന്നലെയാണ് മാണിക്കൽ ബിനോയിയെ പെരിഞ്ചാംകുട്ടി വനത്തിൽ നിന്നും പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 12ന് കാണാതായ സിന്ധു ബാബുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. കൊലയ്ക്കു പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
സിം കാർഡ് വഴിത്തിരിവായി
കൈവശം ഉണ്ടായിരുന്ന സിം കാർഡ് നശിപ്പിച്ച ശേഷം പുതിയ സിം കാർഡ് സംഘടിപ്പിച്ചെങ്കിലും അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതേ തുടർന്ന് 3 ദിവസമായി ഇയാൾ പെരിഞ്ചാൻകുട്ടി പ്ലാന്റേഷനിൽ ഉണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചത്. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
എസ്എച്ച്ഒ ആർ. കുമാർ, എസ്ഐ മാർ രാജേഷ്കുമാർ, സജി എൻ. പോൾ. സി.ആർ. സന്തോഷ്, എഎസ്ഐ കെ.എൽ. സിബി, ജോബിൻ ജയിംസ് എന്നിവരുടെ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡിവൈഎസ്പി ഇമ്മാനുവൽ പോൾ വെള്ളത്തൂവൽ സ്റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്തു. ഇന്ന് സിന്ധുവിനെ കൊലപ്പെടുത്തിയ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.