ഷാജൻ സ്‌കറിയായ്ക്കതിരായ അക്രമം; അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

മറുനാടൻ മലയാളി ഓൺലൈൻ മാധ്യമം എഡിറ്റർ ഷാജൻ സ്‌കറിയായെ വാഹനം തടഞ്ഞ് ആക്രമിച്ച് പരുക്കേൽപിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ വധ ശ്രമം ഉൾപ്പടെ ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി തൊടുപുഴ പോലീസ് കേസ് എടുത്തു. പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർകരാണെന്നും ഇതിൽ നാല് പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഇവർക്കായി വീടുകളിൽ ഉൾപ്പെടെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് സൂചിപ്പിച്ചു. ശനിയാഴ്ച്ച ആറരയോടെ മങ്ങാട്ടുകവലയിലാണ് അക്രമം നടന്നത്.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ഷാജന്റെ കാറിന്റെ അരികിൽ പ്രതികളുടെ വാഹനം മനപൂർവം ഇടിപ്പിച്ചായിരുന്നു ആക്രമണം. ഇത് അറിയാതെ സംഭവിച്ചതാണെന്ന് കരുതി കാർ നിർത്തി ഗ്ലാസ് താഴ്ത്തി നോക്കുന്നതിനിടെ പുറത്ത് എത്തിയ അഞ്ചംഗ സംഘം ഷാജന്റെ മൂക്കിലും ശരീരത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. മൂക്കിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജൻ. വിവരം അറിഞ്ഞ് എത്തിയ തൊടുപുഴ പോലീസാണ് ഷാജനെ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് സ്മിത മെമ്മോറിയൽ ആശുപ്രതിയിലും എത്തിച്ചത്. പരുക്കേറ്റ ഷാജൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാജൻ വിവാഹത്തിൽ പങ്കെടുക്കാൻ മുതലക്കോടത്ത് എത്തിയത് അറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്ഥിരം അടിപിടിയും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഷാജൻ സ്‌കറിയായെ ഇന്നലെ പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, ബി.ജെ.പി നേതാവ് പി.സി. ജോർജ് ഉൾപ്പെടെയുള്ള ഒട്ടേറെ ആളുകൾ ആശുപത്രിയിൽ സന്ദർശിച്ചു









































































