യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട കേസ്; ഒളിവിലായിരുന്ന ബിനോയ് അറസ്റ്റില്‍
അടിമാലി ∙ പണിക്കന്‍കുടിയില്‍ യുവതിയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന മാണിക്കുന്നേൽ ബിനോയ് (56) അറസ്റ്റില്‍. മൂന്നാഴ്ച മുൻപാണ് കൊലപാതകം നടന്നത്. കഴിഞ്ഞ 15 മുതൽ ഇയാൾ ഒളിവിലാണ്.പെരിഞ്ചാംകുട്ടിയിൽ തോട്ടത്തില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാളെ പിടികൂടിയത്. പൊലീസ് ചോദ്യം ചെയ്യുകയാണ്. തങ്കമണി കാമാക്ഷി താമഠത്തിൽ സ്വദേശി സിന്ധുവിന്റെ (45) മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു.
വീട്ടിലെ അടുപ്പിനു താഴെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സിന്ധുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫൊറൻസിക് വിദഗ്ധരെത്തി പുറത്തെടുത്ത മൃതദേഹംസിന്ധുവിന്റേതാണെന്നു മകനും സഹോദരനും തിരിച്ചറിഞ്ഞു. ബിനോയിയുടെ പേരിൽ കൊലക്കുറ്റം ചുമത്തിയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്ലാസ്റ്റിക് കൊണ്ടു മുഖം മറച്ചു നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കുഴിയിൽ മുളകുപൊടി വിതറിയിരുന്നു. മൂക്കുത്തി ഒഴികെ, കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരിമാറ്റി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ശ്വാസം മുട്ടിക്കുന്നതിനിടെ സിന്ധുവിനു മർദനം ഏറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ പൊട്ടിയകന്ന നിലയിലാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിനോയിയുടെ വീടിന്റെ അയൽവീട്ടിലാണു സിന്ധുവും 12 വയസ്സുകാരൻ മകനും വാടകയ്ക്കു താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന സിന്ധുവും ബിനോയിയും അടുപ്പത്തിലായിരുന്നു. സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതോടെ ബിനോയ് വഴക്കുണ്ടാക്കി. കൊന്നുകളയുമെന്നു ബിനോയ് സിന്ധുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു മകൻ പറയുന്നു. ഒരാഴ്ചയോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ സിന്ധുവിനെ തിരികെ വാടകവീട്ടിലെത്തിയതിനു പിറ്റേന്നാണു കാണാതായത്.
സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചു മൂടിയ ശേഷം മുകളിൽ അടുപ്പുകെട്ടി തീ കത്തിച്ചതായാണ് സൂചന. പഴയ അടുപ്പാണെന്നു തോന്നിക്കാൻ അടുപ്പിലെ ചാരം വാരി വിതറുകയും ചെയ്തിട്ടുണ്ട്. സിന്ധുവിനെ കാണാതായ ശേഷം അടുപ്പു നിർമിച്ചതിനെപ്പറ്റി സിന്ധുവിന്റെ മകനു സംശയം ഉണ്ടായതും അടുപ്പിൽനിന്ന് ദുർഗന്ധം ഉയർന്നതും മൃതദേഹം കണ്ടെത്തുന്നതിനു സഹായകരമായി.