നിപ: നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് രോഗലക്ഷണം; സമ്പർക്കപ്പട്ടികയിൽ 158 പേർ
കോഴിക്കോട്∙ നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് നിപ രോഗലക്ഷണം. നിരീക്ഷത്തിലുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 158 പേര്‍ ഉണ്ട്. 20 പേര്‍ക്ക് പ്രാഥമികസമ്പര്‍ക്കം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവും പിതാവും ബന്ധുവീട്ടിൽ ഐസലേഷനിലാണ്. പിതാവിന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. ആരോഗ്യവകുപ്പ് ജീവനക്കാരും ഐസലേഷനില്‍ പ്രവേശിക്കും.
മെഡിക്കല്‍ കോളജില്‍ കുട്ടി ഉണ്ടായിരുന്നത് കുറച്ചുസമയം മാത്രമാണ്. മെഡിക്കൽ കോളജില്‍നിന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കാത്തിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ ബാധയെക്കുറിച്ചുള്ള പഠനത്തിനായി കേന്ദ്രസംഘം കോഴിക്കോട്ടെത്തി.