നിപയ്ക്കു വാക്‌സീൻ കണ്ടുപിടിച്ചിട്ടുണ്ടോ? കൊറോണയേക്കാൾ ഭയക്കണോ നിപയെ?
കേരളത്തിൽ ഇതുവരെ 41 ലക്ഷത്തിലധികം പേർക്ക് കോവിഡ് വന്നു. മരണസംഖ്യ 21,000 കടന്നു. പക്ഷേ 20 പേർക്കു മാത്രം വന്ന നിപയെ എന്തിനാണു നമ്മൾ ഇത്ര പേടിക്കുന്നത്? മരണ നിരക്കു തന്നെയാണ് അതിനു കാരണം. ഇതുവരെ രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേരും മരണത്തിനു കീഴടങ്ങി. മരണ നിരക്ക് 89 ശതമാനം! പത്തു പേർക്കു രോഗം വന്നാൽ അതിൽ 9 പേരും മരിക്കുന്ന സ്ഥിതിയെ പേടിക്കാതിരിക്കുന്നതെങ്ങനെ?
എന്നാൽ ലോകം മുഴുവൻ 2018ൽ കേരളത്തിലേക്ക് ഉറ്റു നോക്കിയപ്പോൾ നമ്മൾ അവർക്കു മുന്നിൽ നിപയെ പിടിച്ചുകെട്ടി കാണിച്ചു കൊടുത്തു. ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് ഒന്നടങ്കം ആശ്വാസമായിരുന്നു അത്. മാരക പ്രഹര ശേഷിയുള്ള രോഗത്തെ പിടിച്ചു നിർത്തിയെന്നത് ചെറിയ കാര്യമല്ല. തുടർന്നുള്ള വർഷങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അപകടമില്ലാതെ നമ്മൾ കരകയറി. കോവിഡ് മഹാമാരിയുടെ അത്ര പകർച്ചാ ശേഷിയില്ലെങ്കിലും നിപയെ ഇനിയും നമ്മൾ കരുതി ഇരിക്കണം.
10 ശതമാനത്തിൽ താഴെ മാത്രമാണ് ഒരു രോഗിയിൽനിന്ന് മറ്റൊരാൾക്കു വൈറസ് പകരാൻ സാധ്യതയെന്നത് ഏറെ ആശ്വാസം പകരുന്നതാണ്. കോഴിക്കോട് ആദ്യമായി രോഗം സ്ഥിരീകരിച്ച വീട്ടിലെ അമ്മയ്ക്ക് രോഗം വന്നിരുന്നില്ല. നേരിട്ട് സമ്പർക്കമുള്ളവർക്കാണു കൂടുതൽ സാധ്യത. അതുകൊണ്ടുതന്നെ രണ്ടാം ഘട്ടത്തിൽ ആരോഗ്യ പ്രവർകർക്കു രോഗം വരുന്നു. എന്നാൽ രോഗ ലക്ഷണമുള്ളവരെ ഐസലേറ്റ് ചെയ്യുന്നതിലൂടെ ഈ അപകടം ഇല്ലാതാകുന്നു.
വരുമോ വാക്സീൻ?
യുഎസിലെ നേച്ചർ പാർട്ണർ ജേണലിൽ ഈ വർഷം ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം നിപ വൈറസിനെ പ്രതിരോധിക്കുന്ന വാക്സീൻ പ്രാഥമിക വിജയം നേടി. യൂണിഫോംഡ് സർവീസ് യൂണിവേഴ്സിറ്റി, ടെക്സസ് മെഡിക്കൽ ബ്രാഞ്ച് തുടങ്ങി ഒരു പറ്റം ഗവേഷക സംഘങ്ങൾ ചേർന്നുള്ള പഠനത്തിലാണു വിജയം കണ്ടെത്തിയത്. ഇവർ കണ്ടെത്തിയ സബ് യൂണിറ്റ് വാക്സീൻ മനുഷ്യനിൽ നിപയെ പ്രതിരോധിക്കാൻ പ്രാപ്തമാണെന്നു തെളിഞ്ഞു. നിപയോടൊപ്പം ഹെൻഡ്ര വൈറസിനെയും വാക്സീൻ ചെറുക്കും.
ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പുർ, ബംഗ്ലദേശ് എന്നിവങ്ങളിൽ 1990കളിലാണ് നിപ സ്ഥിരീകരിക്കുന്നത്. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് (ഗുരുത ശ്വാസകോശ പ്രശ്നം), മനുഷ്യനിലേക്കു പകരാനുള്ള ശേഷി, ഉയർന്ന മരണ നിരക്ക് എന്നിവയാണ് നിപയെ മാരകമാക്കുന്നത്. പഴംതീനി വവ്വാലുകളിലാണ് ആ രാജ്യങ്ങളിൽ രോഗ വൈറസ് ആദ്യമായി കണ്ടെത്തിയത്. യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെൻട്രൽ ഡിസീസ് കൺഡ്രോൾ ആൻഡ് പ്രിവൻഷൻ എന്നിവ നിപയെ ബയോത്രെറ്റ് ഏജന്റ് (ജൈവായുധം) എന്ന ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. മനുഷ്യകുലത്തെ കൂട്ടമായി ഇല്ലാതാക്കാൻ കഴിയുന്ന വൈറസായി നിപയെ ലോക രാജ്യങ്ങൾ കാണുന്നു. എങ്കിലും വാക്സീൻ കണ്ടുപിടിത്തങ്ങൾക്ക് ഇതുവരെ പൂർണ അനുമതിയായിട്ടില്ല.
മരുന്നുണ്ടോ?
നിപയെ ചികിത്സിച്ചു ഭേധമാക്കാവുന്ന ഒരു മരുന്നിനും നിലവിൽ അനുമതിയില്ല. രോഗാവസ്ഥയെ ചികിത്സിക്കുന്ന മരുന്നുകൾ മാത്രമാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. എന്നാൽ പല രാജ്യങ്ങളിലും മരുന്നു പരീക്ഷണം പുരോഗമിക്കുന്നുണ്ട്. കേസുകൾ പരിഗണിച്ച് ഇവയ്ക്ക് പലതിനും എമർജൻസി ഉപയോഗത്തിനുള്ള അനുമതിയുണ്ട്. കേരളത്തിൽ 2018-19 കാലത്ത് നിപ വൈറസ് പടർന്നപ്പോൾ ഓസ്ട്രേലിയയിൽനിന്നു കൊണ്ടുവന്ന ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡീസ് എന്ന മരുന്ന് ഫലപ്രദമായിരുന്നു. രോഗം ബാധിച്ചവർക്ക് റിബാവറിൻ എന്ന ആന്റിവൈറൽ മരുന്ന് കൊടുത്തിരുന്നു. അതും ഒരു പരിധിവരെ ഫലപ്രദമായിരുന്നു എന്നാണു നിഗമനം.
ഇന്ത്യയിൽ നിപ
ഇന്ത്യയിൽ നാലുതവണയാണ് നിപ പടർന്നു പിടിച്ചത്. പശ്ചിമ ബംഗാളിൽ 2001ൽ തുടർന്ന് 2007ലും. പിന്നീട് കേരളത്തിൽ 2018ലും 2019ലും. കഴിഞ്ഞ മാസങ്ങളിൽ മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽനിന്നു കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈരസിന്റെ സാന്നിധ്യമുണ്ടെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചിരുന്നു.
എങ്ങനെ വന്നു?
പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന പഴംതീനി വവ്വാലുകൾതന്നെയാണ് ഇവയുടെ ഉറവിടം എന്നാണ് നിലവിലെ ഗവേഷണങ്ങൾ പറയുന്നത്. ഇവയുടെ വിസർജ്യത്തിലും, വായിലെ ശ്രവങ്ങളിലുമാണ് വൈറസ് കാണപ്പെടുന്നത്. മലേഷ്യയിൽ വളർത്തു പന്നികളിലേക്കാണ് ആദ്യമായി ഇവ രോഗം പടർന്നതെന്നു കരുതുന്നു. അവിടെനിന്നു ജനങ്ങളിലേക്കു പടർന്നു. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിച്ചതിലൂടെയും ജനങ്ങളിലേക്കു രോഗം പടർന്നു.
പനി, തലവേദന, കടുത്ത ക്ഷീണം, മാനസിക വിഭ്രാന്തി, കോമ അവസ്ഥ, തുടർന്നു മരണം എന്നിങ്ങനെയാണ് രോഗ ലക്ഷണങ്ങൾ ആദ്യം പ്രകടിപ്പിക്കപ്പെട്ടത്. 20 വർഷത്തിനിടെ 700 പേർക്കു മാത്രമാണു ലോകത്ത് നിപ ബാധിച്ചത് എന്നതാണ് ആശ്വാസകരം. രോഗം സ്ഥിരീകരിച്ചാലുടൻ ഉണർന്നു പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ രോഗത്തിന്റെ കണ്ണികൾ പൊട്ടിച്ചുകൊണ്ടേയിരുന്നു. എന്നാലും ലോകത്തെ മുഴുവൻ ഭീതിയുടെ മുകളിൽ നിർത്തുന്ന വൈറസിനെ കൃത്യമായി പഠിക്കാനോ, ഇല്ലാതാക്കാനോ നമുക്കു സാധിച്ചിട്ടില്ല.
നിരന്തരം രോഗം സ്ഥിരീകരിക്കുന്നതിലൂടെ ഈ വൈറസിന്റെ സ്ഥിര സാന്നിധ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ജനിതക വ്യതിയാനം വന്ന വൈറസുകൾ നമുക്കൊപ്പം പലപ്പോഴായി വരുന്നുണ്ടെന്നു വേണം കരുതാൻ. അതു മാരകമാവുമ്പോൾ മാത്രമാണു നമ്മൾ തിരിച്ചറിയുന്നത്. ബംഗ്ലദേശിൽ തുടർച്ചയായി രോഗം വന്നതോടെ അവിടെ ആശുപത്രികളിൽ നിപയെ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം നിലവിലുണ്ട്. പനയിൽനിന്നെടുക്കുന്ന കള്ളിലൂടെയും അവിടങ്ങളിൽ രോഗം പടർന്നതായി കണ്ടെത്തിയിരുന്നു.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. രോഗ ലക്ഷണങ്ങൾ കണ്ടാലോ സംശയം തോന്നിയാലോ പരമാവധി മറ്റുള്ളവരിൽനിന്നു മാറിയിരിക്കുക. ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കുക. സെൽഫ് ക്വാറന്റീൻ ഈ രോഗത്തിനു സർക്കാർ നിർദേശിക്കുന്നില്ല. ഉടനെ ചികിത്സ തേടുക.
എങ്ങനെ കണ്ടെത്തും?
തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, എന്നിവയിൽനിന്നുമെടുക്കുന്ന സാംപിളുകൾ ഉപയോഗിച്ച് ആർടിപിസിആർ പരിശോധന നടത്തിയാണ് വൈറസിനെ കണ്ടെത്തുക. കോവിഡ് പ്രതിരോധ മാർഗങ്ങൾ നിപയെയും പ്രതിരോധിക്കാൻ ഉപയോഗിക്കാം. മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് സുരക്ഷിതരാവേണ്ടതുണ്ട്.
വ്യാജൻന്മാരെ അകറ്റി നിർത്തുക
2018ൽ നിപ സ്ഥിരീകരണം വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്ന സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്തകൾ. പലയിടങ്ങളിലും ആരോഗ്യ പ്രവർത്തകർക്കു വിവേചനം നേരിടേണ്ടി വന്നു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന അവസ്ഥയുമുണ്ടായി.
വവ്വാൽ രോഗം വരുത്തില്ലെന്നും, ചികിത്സ വേണ്ടെന്നും പ്രചരിപ്പിച്ചവർക്കെതിരെ കേസുകൾ എടുക്കുന്ന സാഹചര്യവുമുണ്ടായി. കോഴിക്കോട്ട് വ്യാജ പ്രതിരോധ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവവും കഴിഞ്ഞ തവണയുണ്ടായി. അത്തരം മരുന്നുകൾ ഈ ഘട്ടത്തിൽ ഒഴിവാക്കുക. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകൾ മാത്രം എടുക്കാൻ ശ്രദ്ധിക്കുക. ബ്രോയിലർ കോഴികളിലൂടെ നിപ പകർന്നു എന്ന തരത്തിൽ വന്നതും വ്യാജ വാർത്തയായിരുന്നു.