ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം; വിചാരണ വൈകുന്നു
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം. ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ദിനമായാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ഇന്ന് ആചരിക്കുന്നത്.
19 പേര്‍ അറസ്റ്റിലായെങ്കിലും കേസിലെ വിചാരണ വൈകുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
നാല് വര്‍ഷം മുമ്ബ്, സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമസ്വാതന്ത്രത്തെ തോക്കിന്‍മുനയിലാക്കി രാജരാജേശ്വരി നഗറിലെ ഈ വീട്ടില്‍ വെടിയൊച്ചകള്‍ ഉയര്‍ന്നത്. ലങ്കേഷ് പത്രിക ഓഫീസില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയ്ക്കും വെടിയേറ്റു. രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. 19 പേര്‍ പിടിയിലായെങ്കിലും വിചാരണനടപടി നീളുകയാണ്.
തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗിക്കും പിന്നാലെയായിരുന്നു ഗൗലി ലങ്കേഷിന്റെ കൊലപാതകവും. ലങ്കേഷ് പത്രികയിലെ ഗൗരിയുടെ എഴുത്ത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത പരുശുറാം വാഗമോറെ അടക്കം 19 പേര്‍ അറസ്റ്റിലായെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായ്കിനെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സഹോദരി കവിതാ ലങ്കേഷ് നല്‍കിയ ഹര്‍ജി ഈ മാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് അപ്പുറം കോടതിയില്‍ നിന്നുള്ള നീതി വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബം. വിചാരണ നടപടികള്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സഹോദരി കവിതാ ലങ്കേഷ് പറഞ്ഞു. പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയ മോഹന്‍ നായ്ക്കിനെ സംഘടിത കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കവിത ലങ്കേഷ് വ്യക്തമാക്കി.