കോവിഡ് വ്യാപനം: നെടുങ്കണ്ടത്ത് കലക്ടറുടെ മിന്നൽ സന്ദർശനം
നെടുങ്കണ്ടം ∙ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച നെടുങ്കണ്ടം പഞ്ചായത്തിലെ 10, 12 വാർഡുകളിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കലക്ടർ ഷീബ ജോർജ് മിന്നൽ സന്ദർശനം നടത്തി. താലൂക്ക് ആശുപത്രിയിലെ സാഹചര്യം ജീവനക്കാരോട് തിരക്കി. രോഗബാധിതർ കഴിയുന്ന സാഹചര്യങ്ങളും സമ്പർക്കപ്പട്ടികയും പരിശോധിച്ചു.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമടക്കം 13 പേർക്ക് കോവിഡ് ബാധിച്ചത് മനോരമ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കലക്ടർ എത്തിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിടപ്പുരോഗികളെ വിട്ടയച്ചു തുടങ്ങി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒന്നരയാഴ്ചയ്ക്കു ശേഷം നടത്തും. ശസ്ത്രക്രിയയ്ക്കു തീയതി നിശ്ചയിച്ചവരുടെ സ്ഥിതി പരിശോധിച്ച് ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിലേക്ക് മാറ്റാനും ആലോചനയുണ്ട്.
രോഗികളിൽനിന്ന് വിവരം തേടി
പഞ്ചായത്തിലെ 10, 12 വാർഡുകളിൽ രോഗബാധിതരുടെ എണ്ണം 137 ൽ എത്തിയ സാഹചര്യത്തിലാണ് കലക്ടറുടെ സന്ദർശനം. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു കുടുംബത്തിലെ 4 പേരിൽ നിന്ന് കലക്ടർ അകലം പാലിച്ച് വിവരങ്ങൾ തേടി. സമീപത്തെ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വീട്ടമ്മയുടെ അടുത്തും കലക്ടർ എത്തി. മേഖലയിൽ രോഗബാധിതരായ 16 കുടുംബങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
രോഗബാധിതർ കൂടുതലായതോടെ പാൽ എത്തിക്കാൻ സൗകര്യക്കുറവുണ്ടെന്നും പാൽ എത്തുന്നില്ലെന്നും രോഗബാധിതർ കലക്ടറോട് പറഞ്ഞു. പാൽ എത്തിക്കാൻ സൗകര്യമൊരുക്കാൻ കലക്ടർ അധികൃതർക്ക് നിർദേശം നൽകി. വാർഡിലെ പുത്തരിക്കണ്ടത്താണ് കലക്ടർ സന്ദർശനം നടത്തിയത്. രോഗബാധിതരുടെ സമ്പർക്ക വിവരങ്ങളും കലക്ടർ ശേഖരിച്ചു. മേഖലയിൽ നിർധന കുടുംബങ്ങളായതിനാൽ ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നു നിർദേശവും കലക്ടർ നൽകി.
രോഗം ബാധിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന് അറിയാൻ റവന്യു, ആരോഗ്യവകുപ്പ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ നടന്നു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, സ്പെഷൽ തഹസിൽദാർ കെ.എസ്. ജോസഫ്, വാർഡ് മെംബർ ഷിഹാബുദ്ദീൻ ഈട്ടിക്കൽ, വില്ലേജ് ഓഫിസർ ടി.എ. പ്രദീപ്, ജനമൈത്രി പൊലീസ് ഓഫിസർ ഷാനു വാഹിദ് എന്നിവരും അടിയന്തര യോഗത്തിൽ പങ്കെടുത്തു.
രോഗ നിരക്ക് കൂടിയ വാർഡുകളിൽ കടുത്ത നിയന്ത്രണം നടപ്പാക്കാൻ കലക്ടർ നിർദേശം നൽകി. അതിർത്തി കടന്ന് വരുന്നവരെ പരിശോധനയ്ക്കു വിധേയമാക്കും. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി കോവിഡ് പരിശോധനയും വാക്സിനേഷനും അടിയന്തരമായി നടത്തും.