ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ബാലവേല; അന്വേഷണം തുടങ്ങി
ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ബാലവേലയ്ക്കായി കുട്ടികളെ എത്തിക്കുന്നതായി കണ്ടെത്തൽ. ശിശുക്ഷേമ സമിതിയും ജില്ലാ പഞ്ചായത്തും പരാതിയെ കുറിച്ച് അന്വേഷണം തുടങ്ങി. തമിഴ്നാട്ടിൽ നിന്നു വാഹനങ്ങളിൽ എത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏലത്തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ എത്തിക്കുന്നത്. ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലകളിൽ വ്യാപകമായി ബാലവേല നടക്കുന്നതായാണ് കണ്ടെത്തൽ.
തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കുട്ടികളെ ചില തോട്ടങ്ങളിൽ ജോലി ചെയ്യിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് ദിനംപ്രതി ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തി ജോലിചെയ്തു മടങ്ങുന്നവർ. ഇവർ എത്തുന്ന വാഹനങ്ങളിൽ തന്നെയാണ് കുട്ടികളെയും കൊണ്ടു വരുന്നത് മിക്കവർക്കും. പന്ത്രണ്ടിനും 15 നും ഇടയിലാണ് പ്രായം.
ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംഭവത്തിൽ നടപടികൾ ആരംഭിച്ചു. ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് തൊഴിലാളി വാഹനങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്താനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
രണ്ടാഴ്ച മുൻപു കുമളി, കമ്പംമെട്ട് ചെക്പോസ്റ്റുകളിൽ സംഭവവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളി വാഹനങ്ങൾ വരാതായ സാഹചര്യങ്ങളിൽ കുട്ടികളെയടക്കം മേഖലയിലെ ലയങ്ങളിൽ പാർപ്പിച്ച് പണി എടുക്കുന്നതായും വിവരമുണ്ട്. വരും ദിവസങ്ങളിൽ ഏലത്തോട്ടങ്ങളിലടക്കം പരിശോധനകൾ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.