റേഷൻവിതരണം റെക്കോഡിലേക്ക്; 97 ശതമാനം കാർഡുടമകളും ഭക്ഷ്യധാന്യം വാങ്ങി
റേഷൻകട വഴിയുള്ള ഭക്ഷ്യധാന്യവിതരണം ഓഗസ്റ്റിൽ റെക്കോഡിലേക്ക്. വിതരണം അവസാനിക്കാൻ ഒരുദിവസംമാത്രം ബാക്കിയിരിക്കെ കാർഡുടമകളിൽ 97 ശതമാനംപേരും റേഷൻ വാങ്ങി. ഭക്ഷ്യധാന്യം കൃത്യമായി റേഷൻ കടകളിലെത്തിച്ചതാണു നേട്ടത്തിനുകാരണം.
തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ 90.87 ലക്ഷം കാർഡുടമകളിൽ 88.14 ലക്ഷം കാർഡുടമകളും റേഷൻ വാങ്ങി. മേയിൽ 94.83 ശതമാനവും ജൂണിൽ 95.62 ശതമാനവും കാർഡുടമകളാണ് റേഷൻ വാങ്ങിയത്. സാധനങ്ങൾ കൃത്യമായി എത്തിക്കാഞ്ഞതിനാൽ ജൂലായിൽ റേഷൻ വിതരണത്തിൽ ഇടിവുണ്ടായി. 90.15 ശതമാനമായാണു വിതരണം കുറഞ്ഞത്. ഒട്ടേറെപ്പേർക്ക് റേഷൻ നഷ്ടമാവുകയുംചെയ്തു. ഓഗസ്റ്റോടെ ഈ പരാതി ഇല്ലാതാക്കാൻ പൊതുവിതരണവകുപ്പിനു കഴിഞ്ഞു. ഓഗസ്റ്റിലെ വിതരണം ചൊവ്വാഴ്ച അവസാനിക്കും.
ഏറെക്കാലമായി മാസാവസാനമാകുമ്പോഴാണ് റേഷൻകടകളിൽ ഭക്ഷ്യധാന്യമെത്തുന്നത്. അതിനാൽ മാസമാദ്യമെത്തുന്നവരിൽ പലരും റേഷൻ കിട്ടാതെ മടങ്ങുകയാണുപതിവ്. മൂന്നും നാലുംതവണവരെ റേഷൻകടകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതോടെ വിതരണം തൊട്ടടുത്തമാസത്തേക്കു നീട്ടുകയും ചെയ്തിരുന്നു. ഇനിമുതൽ എല്ലാമാസവും ആദ്യംതന്നെ ഭക്ഷ്യധാന്യമെത്തിച്ചു വിതരണം കാര്യക്ഷമമാക്കാനാണു പൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്.
84.10 ലക്ഷം കാർഡുമടമകൾ ഓണക്കിറ്റ് വാങ്ങി
സംസ്ഥാനത്തെ 84.10 ലക്ഷം കാർഡുടമകളും ഓണക്കിറ്റ് വാങ്ങി. സാധനങ്ങൾക്കുക്ഷാമമുണ്ടായതിനെത്തുടർന്ന് ചിലയിടങ്ങളിൽ വൈകിയാണ് കിറ്റുകളെത്തിയത്. അതും നേരത്തേയെത്തിക്കാനായിരുന്നെങ്കിൽ കൂടുതൽപേർക്കു നൽകാൻ കഴിയുമായിരുന്നു. കിറ്റ് വിതരണവും ചൊവ്വാഴ്ച അവസാനിക്കും.