24 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ പെയ്തത് ശരാശരി 40.62 മില്ലീമീറ്റർ മഴ
ജില്ലയിൽ പരക്കെ ശക്തമായ മഴ. മിക്കയിടങ്ങളിലും ഇന്നലെ പകൽ കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 40.62 മില്ലീമീറ്റർ മഴയാണ്. ശക്തമായ മഴയിൽ മൂന്നാർ ടൗണിൽ മുതിരപ്പുഴയാറിന്റെ തീരത്തെ മൂന്ന് കടമുറികൾ പൂർണമായി തകർന്ന് പുഴയിൽ പതിച്ചു. ഒരു കടയുടെ പകുതിയോളം തകരുകയും മറ്റ് 11 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുറികൾ വിണ്ടുകീറി അപകടാവസ്ഥയിലാവുകയും ചെയ്തു.
വണ്ണപ്പുറം ചേലച്ചുവട് അങ്കണവാടി കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു കെട്ടിടം അപകടാവസ്ഥയിലായി. മറ്റു കാര്യമായ കെടുതികൾ ഇന്നലെ വൈകിട്ടു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഇന്ന് യെലോ അലർട്ട് ആണ്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിഗമനം.