150 ഡോസ് വാക്‌സീൻ, എത്തിയത് 800 പേർ; സെന്ററിൽ വാക്കേറ്റവും ബഹളവും
നെടുങ്കണ്ടം ∙ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ സെന്ററിൽ വാക്കേറ്റവും ബഹളവും. 150 ഡോസ് വാക്‌സീൻ മാത്രം സ്‌റ്റോക്കുള്ളപ്പോൾ എത്തിയത് 800 പേർ. കനത്ത കാറ്റും മഴയും അവഗണിച്ച് പുലർച്ചെ 5 മുതൽ ആളുകൾ എത്തിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവരുടെ സെക്കൻഡ് ഡോസ് കോവാക്‌സിനാണ് ഇന്നലെ വാക്‌സിനേഷൻ സെന്ററിൽ എത്തിയത്. ആദ്യം ക്യൂ നിന്ന 150 പേർക്ക് ടോക്കൺ നൽകിയെങ്കിലും ടോക്കൺ തീർന്ന വിവരം ക്യൂ നിന്ന മറ്റുള്ളവരെ അറിയിക്കാതിരുന്നതാണ് ബഹളത്തിനു കാരണമായത്. നെടുങ്കണ്ടം, മുണ്ടിയെരുമ, പാറത്തോട്, തൂക്കുപാലം, കമ്പംമെട്ട്, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എത്തിച്ചേർന്നത്. ഇവർ ആശുപത്രി പരിസരത്ത് ക്യൂ നിൽക്കുകയായിരുന്നു.
ടോക്കൺ ലഭിക്കുന്നതിനായി നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. എന്നാൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് ടോക്കൺ കൊടുത്തുതീർന്ന വിവരം ഇവർ അറിയുന്നത്. ഇതോടെയാണ് വാക്കേറ്റം ഉണ്ടായത്. ഫസ്റ്റ് ഡോസ് എടുത്ത് 90 ദിവസം കഴിഞ്ഞവരായിരുന്നു ഭൂരിഭാഗവും. കോവാക്‌സിൻ അധികം ലഭ്യമല്ലാത്തതിനാൽ ഇന്നലത്തെ വാക്‌സിനേഷൻ അറിഞ്ഞാണ് കൂടുതൽ ആളുകളും എത്തിയത്. രാവിലെ മുതൽ ശക്തമായ മഴയും കാറ്റുമായിരുന്നു നെടുങ്കണ്ടത്ത്. പ്രായമായവർ ഉൾപ്പെടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിളിച്ചാണ് വാക്‌സിനേഷൻ സെന്ററിൽ എത്തിയത്. ടോക്കൺ തീർന്ന വിവരം അധികൃതർ അറിയിച്ചിരുന്നെങ്കിൽ മഴയും കാറ്റുമേറ്റ് തങ്ങൾ ക്യൂ നിൽക്കില്ലായിരുന്നു എന്നാണ് വാക്‌സിനേഷന് എത്തിയവർ പറയുന്നത്. വാക്സിനേഷനുള്ള ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയിൽ വൻ തിരക്കാണുള്ളത്. പല ദിവസങ്ങളിലും പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.
കല്ലാറിലും സമാനമായ സാഹചര്യമാണുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാക്സിനേഷൻ കേന്ദ്രത്തിൽ ആളുകൾ ക്യൂ നിൽക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകും. തിരക്ക് നിയന്ത്രിക്കാൻ വാർഡുതലത്തിൽ വാക്സീൻ നൽകുക എന്നുള്ളതാണ് ഏക മാർഗം. ഇതുകൂടാതെ കോവാക്സിൻ ഉൾപ്പെടെയുള്ളവ കൂടുതൽ ഡോസ് എത്തിക്കുകയും വേണം.