ദൂരം 200 മീറ്റർ തന്നെ. 50 മീറ്ററെന്ന ആവശ്യം കോടതി തള്ളി. ക്വാറി ഉടമകൾക്ക് തിരിച്ചടി
ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി.
200 മീറ്റര്‍പരിധിയില്‍ ക്വാറികള്‍ പാടില്ലെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‍തു. ഇതോടെ ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ ക്വാറികളും നിര്‍ത്തിവെക്കേണ്ടി വരും.
ജനവാസ മേഖലയില്‍ നിന്നും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റര്‍ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയിരുന്നു. ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയശേഷം ഹരിത ട്രിബ്യൂണല്‍ അക്കാര്യം വീണ്ടും പരിഗണിക്കുമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചു.
ഈ ഹരജിയിലാണ് ജസ്റ്റിസ് എ എം ഖാല്‍വിക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ക്വാറികളുടെ ദുരപരിധി 200 മീറ്ററാക്കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ശരിവെച്ചു. ഇതോടെ സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിക്കാത്ത ക്വാറികള്‍ പൂട്ടേണ്ടി വരും