കട്ടപ്പനയിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ; വിളിച്ചു ശല്യം ചെയ്തവർ കട്ടപ്പന പോലീസ് പിടിയിൽ
കട്ടപ്പന∙ കട്ടപ്പനയിലെ ശുചിമുറിയിൽ സാമൂഹികവിരുദ്ധർ വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ എഴുതിവച്ചു. ആ നമ്പറിലേക്കു വിളിച്ചു മോശമായി സംസാരിച്ച 2 പേരെ പൊലീസ് പിടികൂടി. പ്രതികൾ മാപ്പു പറഞ്ഞതോടെ പരാതിയിൽ നിന്നു വീട്ടമ്മ പിൻവാങ്ങിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണു പിടിയിലായത്. നമ്പർ എഴുതിവച്ച വ്യക്തിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആദ്യതവണ കോൾ വന്നപ്പോൾ വീട്ടമ്മ ഫോൺ കട്ട് ചെയ്തെങ്കിലും പിന്നീടും വിളികൾ തുടർന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കട്ടപ്പന എസ്ഐ കെ. ദിലീപ്കുമാർ കസ്റ്റഡിയിലെടുത്തു. മൊഴി നൽകാനായി വീട്ടമ്മ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ കാലു പിടിച്ചു ക്ഷമ ചോദിച്ചു. അതോടെയാണു കേസിൽ നിന്നു വീട്ടമ്മ പിന്തിരിഞ്ഞത്. എന്നാൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഇരുവർക്കുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തിൽ നിന്നു വീട്ടമ്മയുടെ ഫോൺ നമ്പർ പൊലീസ് നീക്കി.