അയ്യപ്പൻകോവിൽ തൂക്കുപാലം ഉടൻ നവീകരിക്കും
ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുമെന്ന് ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ.
തൂക്കുപാലത്തിന്റെ അവകടാവസ്ഥ പരിശോധിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൂക്കുപാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിക്ക് അറ്റകുറ്റപ്പണിയുടെ ചുമതല നൽകും.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തും. അഞ്ചുരുളിയുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനുള്ള സാധ്യതകൾ പഠിക്കും. ഇതിന് വനം-വൈദ്യുതി വകുപ്പിന്റെയും ഡാം സേഫ്റ്റി-ടൂറിസം വിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മയും തൂക്കുപാലത്തിന്റെ അപകടാവസ്ഥയും പ്രദേശത്തെ സുരക്ഷിതക്കുറവും മാതൃഭൂമി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വികസന കമ്മീഷണർ തൂക്കുപാലം സന്ദർശിച്ചത്.
ജില്ലാ ടൂറിസം ഡെവലപ്മെന്റ് ഓഫീസർ ഗിരീഷ്, അയ്യപ്പൻകോവിൽ-കാഞ്ചിയാർ വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.