സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ കേരള സിലബസിലെ പ്ലസ് വണ്‍ പ്രവേശനം പ്രതിസന്ധിയില്‍


കട്ടപ്പന: കേരള സിലബസില്‍ പ്ലസ് വണ്ണിന് അപേക്ഷിക്കാനൊരുങ്ങുന്ന സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പ്രവേശന ഫോമില്‍ അവ്യക്തത. ഏകജാലകം വഴി അപേക്ഷിക്കുമ്പോള്‍ ബേസിക് മാത്‌സ് ആണോ സ്റ്റാന്‍ഡേര്‍ഡ് മാത്‌സ് ആണോയെന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ക്ക് തലവേദനയാകുന്നത്. ബേസിക് മാത്‌സ് എടുത്ത വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സിലബസില്‍ പ്യൂവര്‍ സയന്‍സ് എടുക്കാന്‍ മുന്‍ കാലങ്ങളില്‍ സാധിച്ചിരുന്നില്ല. ഇത്തരം കുട്ടികള്‍ക്കായി മുന്‍ കാലങ്ങളില്‍ സേ പരീക്ഷയോടൊപ്പം ഇഷ്ടപ്പെട്ട മാത്‌സ് (ബേസിക് മാത്‌സ്, അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് മാത്‌സ്) വിഷയം തെരഞ്ഞെടുത്ത് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരുന്നു. സംസ്ഥാന സിലബസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഈ അവസരമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ പരീക്ഷ നടന്നിട്ടില്ല. ഇതോടെ ബേസിക് മാത്‌സ് എടുത്ത വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സിലബസില്‍ പ്യൂവര്‍ സയന്‍സ് എടുക്കാന്‍ കഴിയുന്നില്ല. ഏത് മാത്‌സ് എടുത്തവര്‍ക്കും സംസ്ഥാന സിലബസില്‍ പ്യൂവര്‍ സയന്‍സ് എടുക്കുന്നതില്‍ കുഴപ്പമില്ലെന്നുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്റെ ഓര്‍ഡര്‍ ഉണ്ട്. എന്നാല്‍ സംസ്ഥാന സിലബസില്‍ ഈ നിര്‍ദേശത്തിനു തീരുമാനം ആകാത്തതാണ് പ്രതിസന്ധിയാകുന്നത്. ഓണ്‍ലൈന്‍ അപേക്ഷിക്കുമ്പോള്‍ ബേസിക്, സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷന്‍ ചോദിക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയാകുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.