ഇറാനെതിരായ അമേരിക്കൻ ആക്രമണം ഭരണം അട്ടിമറിക്കാനുളള ശ്രമമായിരുന്നില്ല; യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടുളള അമേരിക്കൻ ആക്രമണം ഭരണം അട്ടിമറിക്കാനുളള ശ്രമമായിരുന്നില്ലെന്ന് വ്യക്ത വരുത്തി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ആക്രമണത്തിന് മുൻപ് ചർച്ചകൾ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്ക ഇറാന് സന്ദേശം അയച്ചിരുന്നതായും പീറ്റ് ഹെഗ്‌സെത്ത് വെളിപ്പെടുത്തി. മിഡ്‌നൈറ്റ് ഹാമർ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു ഓപ്പറേഷനായിരുന്നു. വാഷിംഗ്ടണിലെയും ഫ്ലോറിഡയിലെ ടാമ്പയിലുമുളള യുഎസ് മിലിട്ടറി, മിഡിൽ ഈസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ചില ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമെ യുഎസ് ദൗത്യത്തെക്കുറിച്ചുളള വിവരങ്ങൾ അറിയുമായിരുന്നുളളൂ എന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
14 ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുന്നതിനായി 18 മണിക്കൂറാണ് ഏഴ് ബി-2 ബോംബറുകൾ ഇറാനിനെതിരെ ഉപയോഗിച്ചതായി ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയ്‌ക്ക് എതിരായി ഇറാൻ നടത്തിയ മുൻകാല ഭീഷണികൾക്കെതിരെയും പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. ആക്രമണങ്ങളുണ്ടായാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇറാനെതിരെയുളള അമേരിക്കൻ ആക്രമണം ഒരിക്കലും ഭരണം അട്ടിമറിക്കാനുളള ശ്രമമായിരുന്നില്ല. ഇറാന്റെ ആണവകേന്ദ്രങ്ങൾ നമ്മുടെ ദേശീയതയ്ക്കെതിരെ ഉയർത്തുന്ന ഭീഷണികളെ ഇല്ലാതാക്കാനുളള അവസരമാണ് പ്രസിഡൻ്റ് ട്രംപ് നൽകിയതെന്ന് ഹെഗ്‌സെത്ത് പറഞ്ഞു.
അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് പ്രദേശങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കി എന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തൽ. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് എന്തെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചിരിക്കുമോ എന്നതിൽ വ്യക്തതയില്ല. മൂന്ന് പ്രദേശങ്ങളിൽ നടത്തിയ ഓപ്പറേഷനിൽ രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും 125 ലധികം സൈനിക വിമാനങ്ങളും ഉപയോഗിച്ചതായും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
അതേ സമയം, അമേരിക്കയുടെ ആക്രമണത്തിന് ശേഷം ആദ്യമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചിരുന്നു. ഇസ്രയേലിനുള്ള ശിക്ഷ തുടരുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പുറത്തിറക്കുന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. ‘സയണിസ്റ്റ് ശത്രു വലിയ തെറ്റ് ചെയ്തു. വലിയ കുറ്റം ചെയ്തു. അത് ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെടുകയാണ്’, ഖമേനി പറഞ്ഞു.
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ കടുത്ത ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലും നടക്കുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി തെഹ്‌റാനില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങളാണ് കേള്‍ക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെഹ്‌റാന്റെ തെക്ക് കിഴക്കെ പാര്‍ച്ചിനില്‍ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ട്. തെഹ്‌റാന്‍, കെര്‍മന്‍ഷാ, ഹമേദന്‍ എന്നിവിടങ്ങളില്‍ 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രയേല്‍ അയച്ചിട്ടുണ്ട്.
മധ്യ ഇറാനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ആംബുലന്‍സ് ആക്രമിക്കപ്പെട്ടെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവേയാണ് ആംബുലന്‍സ് ആക്രമിക്കപ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും രോഗിയുടെ കൂട്ടിരിപ്പുകാരനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് മധ്യ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നജാഫബദ് കൗണ്ടിയിലെ ഗവര്‍ണര്‍ ഹമിദ്രെസ മുഹമ്മദി ഫെഷറാകി അറിയിച്ചു.
ഇറാൻ 21-ാംഘട്ട ബാലിസിറ്റിക് മിസൈൽ ആക്രമണം ഇസ്രയേലിൽ നടത്തി. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളില്‍ 80 പേരെങ്കിലും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഇറാനിലൂടെ വന്ന ഇസ്രേയലിന്റെ ഹെര്‍മ്‌സ് 900 ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. ഇറാനില്‍ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് രാത്രി മുഴുവന്‍ സൈറണ്‍ മുഴക്കിയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചിട്ടുണ്ട്. ടെല്‍ അവീവിലും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം ഇറാനില്‍ നിന്നുള്ള ആക്രമണം അവസാനിച്ചെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.









































































