ജെ. പി. എം. കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു

ജെ. പി. എം ആട്സ് ആൻഡ് സയൻസ് കോളേജിൽ അലുമിനി അസോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ 2022- 25 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ‘Echos of JPM’ എന്ന പേരിൽ നടത്തപ്പെട്ടു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. കോളേജിൻ്റെ പ്രവർത്തനങ്ങളിലും മികവിലും പൂർവ്വവിദ്യാർത്ഥികൾ നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിക്കുകയും ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. മുഖ്യപ്രഭാഷണം നടത്തി. ആധുനികവിദ്യാഭ്യാസപ്രക്രിയയിൽ ഉന്നതനേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥി സംഗമങ്ങൾ ഊഷ്മളബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സഹകരണമനോഭാവം വളത്തുന്നതിനും അനിവാര്യഘടകമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി സ്വാഗതമാശംസിച്ചു.
അലുമിനിയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമായ് ഏകോപിപ്പിക്കുകയും തുടർവർഷങ്ങളിലും കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. ആശംസകളർപ്പിച്ചു സംസാരിച്ചു.
നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അലുമിനി പ്രസിഡൻ്റ് ജോജോ കുമ്പളന്താനം , വിഭാഗം മേധാവികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അലുമിനി കോ- ഓർഡിനേറ്ററും അധ്യാപകനുമായ ബിൻ്റോ കുര്യൻ ചടങ്ങിൽ നന്ദിയർപ്പിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
















































































































