എം ബി രാജേഷ് മാപ്പുപറയണം ബിജെപി


കട്ടപ്പന:വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത്സിംഗ് നോട് ഉപമിച്ച നിയമസഭാ സ്പീക്കർ എം ബി രാജേഷ് മാപ്പുപറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടപ്പനയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ സമരം നടത്തി
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഭഗത് സിംഗ് നോട് ഉപമിച്ചത് അദ്ദേഹത്തിന് അബദ്ധം പറ്റിയതല്ലെന്നും
കമ്യൂണിസ്റ്റ് പാർട്ടി വിഭജിക്കുന്നതിന് മുമ്പും വാരിയൻകുന്നനെയും മാപ്പിള ലഹളയേയും അനുകൂലിക്കുന്ന നിലപാട് ചില കമ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ചിട്ടുണ്ട് എന്നും ബിജെപി നേതാക്കൾ പറഞ്ഞു. കലാപത്തെ ഭയന്ന് പലായനം ചെയ്യേണ്ടി വന്ന ഇഎംഎസിന്റെ ചരിത്രം സൗകര്യപൂർവ്വം മറച്ചു പിടിക്കുകയാണ്.
മാപ്പിള കലാപം ജന്മി-കുടിയാൻ കലാപമായിരുന്നു എന്ന നിലപാട് വാരിയൻകുന്നനെ അനുകൂലിക്കുന്ന ആളുകൾ ചിലപ്പോഴൊക്കെ മുന്നോട്ടുവയ്ക്കുന്നുണ്ട്. കുടിയാന്മാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും രക്ഷകർ എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിപ്ലവകാരിയും രക്തസാക്ഷിയും ഒടുവിൽ കമ്മ്യൂണിസ്റ്റും ആക്കിയാൽ പാർട്ടിക്ക് അതിൻറെ ഗുണവും മെച്ചവും രാഷ്ട്രീയപരമായി ലഭിക്കും എന്ന് ഇവർ വിശ്വസിക്കുന്നുണ്ടാവാം.
പക്ഷേ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമരം ആണോ വർഗീയലഹള ആണോ നടത്തിയത് എന്നുള്ളതിനെ പറ്റി നിലവിൽ തർക്കമുള്ള വിഷയമാണ്.
മാപ്പിള കലാപത്തെ അനുകൂലിക്കുമ്പോഴും സിപിഎമ്മിന്റെ സംസ്ഥാന ആക്ടിങ് സെക്രട്ടറി ശ്രീ എ വിജയരാഘവൻ “കലാപത്തിന്റെ ഒരുഘട്ടത്തിൽ വർഗീയത കടന്നുവന്നിട്ടുണ്ട് ” എന്ന് കഴിഞ്ഞദിവസം പറയുന്നുണ്ട് (25. 8 .2021 മാതൃഭൂമി ദിനപത്രം)
അങ്ങനെ നോക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ എന്തിന് വർഗീയത കടന്നുവരണം. അങ്ങനെ സ്വാതന്ത്ര്യ സമരം എന്ന് വിളിക്കുന്ന സമരത്തിനിടയിൽ വർഗീയത കടന്നുവന്നിട്ടുണ്ട് എങ്കിൽ ആ സമരത്തിന് നേതൃത്വം കൊടുത്ത ആളെ ഭഗത്സിങ്ങിനോട് എങ്ങനെ ഉപമിക്കാൻ സാധിക്കുമെന്നും ബിജെപി നേതാക്കൾ ചോദിച്ചു.
തർക്കമുള്ള വിഷയമായതിനാൽ ചരിത്രത്തിന്റെ വസ്തുതകൾ നിരത്തി അത് പരിശോധിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നതിന് പകരം ഭഗത് സിംഗ് നോട് ഉപമിച്ചത് അങ്ങേയറ്റം തെറ്റാണ്. നിയമസഭാ സ്പീക്കർ എന്ന നിലക്ക് എം ബി രാജേഷ് മാപ്പ് പറയണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
കട്ടപ്പന ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിക്ഷേധ പരിപാടിയില്‍ ബിജെപി കട്ടപ്പന ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു .
ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉത്ഘാടനം ചെയ്തു.കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ് , സെക്രട്ടറി എം എൻ മോഹന്‍ദാസ് , പ്രസാദ് അമൃതേശ്വരി , മനോജ് ചാക്കോ, ജിജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.