കുമളി: ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലാതെ കേരളത്തിലേക്ക് വന്നവരെ അതിർത്തിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയവർ കുമളിയിൽ ദേശീയപാത ഉപരോധിച്ചു.


കുമളി: ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലാതെ കേരളത്തിലേക്ക് വന്നവരെ അതിർത്തിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയവർ കുമളിയിൽ ദേശീയപാത ഉപരോധിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ കമ്പത്തു നിന്നും എത്തിയ മൂന്നംഗ സംഘമാണ് കുമളി അതിർത്തിയിൽ റോഡ് ഉപരോധിച്ചത്.
ഇവരുടെ കൈവശം ആർ.ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവർ കേരളത്തിലേക്ക് കടക്കുന്നത് തടയുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരളത്തിലേക്ക് കടത്തി വിടരുതെന്ന് കഴിഞ്ഞ 19 ന് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലാതെ എത്തുന്നവരെ കേരളത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കമ്പത്ത് നിന്നെത്തിയ മൂന്നംഗ സംഘം മണിക്കൂറോളം റോഡ് ഉപരോധിച്ചത്. ഇതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു. പിന്നീട് കേരളത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടതോടെയാണ് പ്രതിഷേധക്കാർ പിന്തിരിഞ്ഞത്.
മാത്രമല്ല ചൊവ്വാഴ്ച രാവിലെ ഇടുക്കിയിലെ തോട്ടം മേഖലയിലക്ക് തൊഴിലാളി സ്ത്രീകൾ കൂട്ടമായി എത്തിയതോടെ അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവർ ചെക്പോസ്റ്റിൽ കേരളാ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തള്ളി മറിച്ച് കടന്നുപോകുകയായിരുന്നു.
ഇന്നു മുതൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ആർ.ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടുകയില്ലെന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ തോട്ടം മേഖലയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിപ്പോയ തൊഴിലാളികളുടെ ശ്രദ്ധയിലും ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയുണ്ടായ അനിഷ്ട സംഭവത്തെ തുടർന്ന് കേരളം അതിർത്തിയിൽ കൂടുതൽ പോലീസിനെ സുരക്ഷക്കായി നിയോഗിച്ചു.