രക്തസാക്ഷികളെ തമസ്കരിക്കുന്നത് രാഷ്ട്രയ ഗൂഡാലോചന- യുവകലാസാഹിതി
തൃശൂർ: ബ്രിട്ടീഷ് കോളനി വാഴ്ചക്കും അവരുടെ കിങ്കരന്മാരായിരുന്ന ജന്മിനാടുവാഴിത്ത ശക്തികൾക്കുമെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരോദാത്തം പോരാടി വീരമൃത്യു വരിച്ച അനശ്വര രക്‌തസാക്ഷികളേയും വീരസമരങ്ങളേയും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള രാഷ്ട്രീയ ഗൂഡാലോചനയിൽനിന്നു ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പിന്തിരിയണമെന്ന് യുവകലാസാഹിതി സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് ഭീകരവാഴ്ചക്കും അവരുടെ കുഴലൂത്തുകാരായിരുന്ന ജന്മിത്ത്വത്തിനുമെതിരെ തെക്കൻ മലബാറിൽ നടന്ന കർഷക സമരമാണ് ബ്രിട്ടീഷുകാർ മാപ്പിള ലഹള എന്നധിക്ഷേപിച്ച മലബാർ കലാപം.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായമായ മലബാർ കലാപത്തിന് ധീരമായി നേതൃത്വം നൽകി രക്തസാക്ഷിത്വം വരിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്‍ലിയാരുടേയും ഉൾപ്പെടെ 387 രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽനിന്ന് വെട്ടിമാറ്റുന്നത് സംഘപരിവാർ മുന്നോട്ടു വെയ്ക്കുന്ന വർഗ്ഗീയ അജണ്ടയുടെ ഭാഗമാണ്.
ബ്രിട്ടീഷ് സേവകരായിരുന്ന ജന്മിമാരുടെ കുടിലവാഴ്ചക്കെതിരെ മലബാറിൽ നടന്ന നിരവധി കർഷക സമരങ്ങളുടെ ഭാഗമായി കരിവള്ളൂരിലും കാവുമ്പായിയിലും പിടഞ്ഞുവീണു മരിച്ച കുമാരൻ പുള്ളുവൻ,കുഞ്ഞിരാമൻ പുളൂക്കൽ,കീനേരി കുഞ്ഞമ്പു എന്നിവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അനശ്വര രക്തസാക്ഷികളാണ്.
സ്വതന്ത്ര ഇന്ത്യയെ ശിഥിലീകരിക്കാൻ ബ്രിട്ടീഷ് ഭരണത്തിന്റെ ഒത്താശയോടെ തിരുവിതാംകൂർ ദിവാൻ പ്രഖ്യാപിച്ച സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെ നടന്ന ഉജ്ജ്വല ജനകീയ ചെറുത്തുനിൽപ്പ് പോരാട്ടമാണ് പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരപരമ്പര.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായി കേരളജനത പതിറ്റാണ്ടുകളായി നെഞ്ചേറ്റുന്ന ഐതിഹാസിക സമരങ്ങളെയും അനശ്വര രക്തസാക്ഷികളേയും തമസ്കരിക്കാനും അവഹേളിക്കാനും വേണ്ടി സ്വാതന്ത്ര്യസമര ചരിത്ര നിഘണ്ടുവിൽ നിന്നും അവരുടെ പേരുകളും സമരങ്ങളും വെട്ടിമാറ്റുന്നത് സ്വാതന്ത്ര്യ സമരത്തോടും കേരള ജനതയോടുമുള്ള സംഘപരിവാറിന്റെ വെല്ലുവിളിയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ പിൽക്കാലത്ത് വർഗ്ഗീയത ആളിക്കത്തിച് ജനങ്ങളെ കബളിപ്പിച്ചു നേടിയെടുത്ത അധികാരത്തിന്റെ ബലത്തിൽ വസ്തുനിഷ്ഠ ചരിത്ര യാഥാർഥ്യങ്ങളെ തമസ്കരിക്കാനും അവഹേളിക്കാനും നടത്തുന്ന നികൃഷ്ടമായ പരിശ്രമങ്ങൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ മതേതര ജനാധിപത്യ ദേശാഭിമാന കേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ,ജനറൽ സെക്രട്ടറി ഇ.എം.സതീശൻ എന്നിവർ അഭ്യർത്ഥിച്ചു.
ആലങ്കോട് ലീലാകൃഷ്ണൻ പ്രസിഡന്റ് ഇ.എം.സതീശൻ ജനറൽ സെക്രട്ടറി
യുവകലാസാഹിതി
സംസ്‌ഥാന കമ്മിറ്റി
2021 ആഗസ്റ്റ് – 24
9947653340