വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അനുപമ ടി.വി ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി
ഇടുക്കി ജില്ലയില്‍ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം, വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം എന്നിവ ആരംഭിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച സ്ഥലം നേരില്‍ കാണുന്നതിനും പരിശോധിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അനുപമ ടി.വി ജില്ലയില്‍ സന്ദര്‍ശനം നടത്തി. പാറേമാവ് ആയുര്‍വേദ ആശുപത്രിക്ക് സമീപം 40 സെന്റ് ഭൂമിയാണ് വനിതാ ശിശുവികസന വകുപ്പിന് ജില്ലാ പഞ്ചായത്ത് നല്കുന്നത്. ഭൂമി കൈമാറ്റ നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുവാനും കെട്ടിടനിര്‍മാണം അടിയന്തിരമായി ആരംഭിക്കുന്നതിലേക്കായി പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നല്കുവാനുള്ള നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി. പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലും ഡയറക്ടര്‍ ടി.വി അനുപമ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഡയറക്ടറോടൊപ്പം ഇടുക്കി ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ , സംസ്ഥാന നിര്‍ഭയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍, ജില്ലാ പഞ്ചായത്ത് അംഗം കെജി സത്യന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം ജി, റെസ്‌ക്യൂ ഓഫീസര്‍ കിരണ്‍ കെ പൗലോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.