നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ്. ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ഇഡിയുടെ നീക്കം. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, സുരേഷ് റെയ, യുവരാജ് സിങ് എന്നിവരെയും നടി ഉർവശി റൗട്ടേലയേയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം. രാജ്യത്ത് നിരോധിച്ച 1xബൈറ്റ് പോലുള്ള ബെറ്റിങ് പ്ലാറ്റ്ഫോമുകൾക്ക് താരങ്ങൾ പ്രചാരം നൽകുന്നതാണ് അന്വേഷണത്തിന് ആധാരം. താരങ്ങൾ ഇത്തരം പ്രചരണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിച്ചെന്നാണ് കേസ്. ഇത്തരം പ്ലാറ്റ്ഫോമുകൾ കഴിവുകൾ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമുകളാണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നതെങ്കിലും രാജ്യത്തെ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
ഇന്ത്യൻ ഓൾറൗണ്ടർ യുവ്രാജ് സിങ്ങും ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് പ്രചരണം നൽകിയതായാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ നിയമങ്ങൾ ലംഘിച്ചാണ് ബെറ്റിങ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നതെന്നാണ് ഏജൻസികൾ പ്രാഥമികമായി വിലയിരുത്തുന്നത്. ഐടി ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതിന്റെ പേരിൽ 25 സെലിബ്രിറ്റികൾക്കെതിരേ അടുത്തിടെ തെലങ്കാന പോലീസ് കേസെടുത്തിരുന്നു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ അറിയപ്പെടുന്ന നിരവധി താരങ്ങൾക്കെതിരെയാണ് കേസെടുത്തത്. വ്യവസായിയായ ഫനിന്ദ്ര ശർമ നൽകിയ പരാതിയിലാണ് താരങ്ങൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.









































































