Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
സിനിമ

ഇത് എൻ്റെ വീട് തന്നെയല്ലെ



”ഹാഷ് ഹോം” കണ്ടു തീർന്നപ്പോൾ ആദ്യംതോന്നിയത് ഇത് എൻ്റെ വീടാണല്ലോ എന്നായിരുന്നു. ഒലിവറും കുട്ടിയമ്മയും ആൻ്റണിയും ചാൾസും എല്ലാവരും നമ്മുടെ വീട്ടിലും ഉണ്ടെന്ന തിരിച്ചറിവ് ഇത് നമ്മുടെ കഥയാക്കി മാറ്റുന്നു. സിനിമ കണ്ട് കഴിയുമ്പോൾ ഉള്ളിലെവിടെയോ ഒരിത്തിരി കുറ്റബോധത്തിൻ്റെ നീറ്റൽ തോന്നാത്തവർ ചുരുക്കമായിരുന്നെന്ന് കരുതാം. രണ്ടേമുക്കാൽ മണിക്കൂർ സമയം നിക്ഷ്പ്രയാസം കഴിഞ്ഞു പോയി. ഒരു നിമിഷം കൈയ്യിലെടുത്ത ഫോൺ മാറ്റി വച്ച് ഒരു മകനോ മകളോ സഹോദരനോ സഹോദരിയോ മാത്രമായി കുടുംബത്തിൻ്റെ മടിത്തട്ടിൽ ലയിക്കണമെന്ന് തോന്നിപ്പോകും. ഓടിപ്പോയി അപ്പൻ്റെയും അമ്മയുടെയും കവിളിൽ ഒരു മുത്തം കൊടുക്കാൻ തോന്നിയവരും ഇനിയെങ്കിലും അവർക്കായി കുറച്ച് സമയം മാറ്റിവയ്ക്കണം എന്ന് ഉറപ്പിച്ച വരും കുറവല്ല.

സ്മാർട്ട് ഫോണിൻ്റെയും പുതിയ പുതിയ ടെക്നോളജിയുടെയും ലോകത്ത് മതി മറന്ന് ജീവിക്കുന്ന മക്കളും എന്നാൽ കാലത്തിനൊപ്പം മാറാൻ കഴിയാത്ത മാതാപിതാക്കളും അടങ്ങുന്ന കുടുംബങ്ങൾ നമുക്കു ചുറ്റും ഒരുപാട് കാണാം. വീഡിയോ കോളും ന്യൂ ജെൻ സെൽഫികളും ക്യാമറാ ട്രിക്കുകളും കണ്ട് അത്ഭുതപ്പെടുന്ന ഇൻസ്റ്റഗ്രാം സ്‌റ്റോറിയും ഫെയിസ് ബുക്ക് ലൈവുമൊന്നും എന്താണൊന്ന് പോലും അറിവില്ലാത്ത ,സ്മാർട്ട് ഫോണിൻ്റെ സ്മാർട്ട്നസ്സിനൊന്നും തീരെ കൈവഴക്കമില്ലാത്ത പഴയ ജെനറേഷൻ മാതാപിതാക്കൾ. അന്ന് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമൊക്കെ പുറത്ത് പോയി വന്നാൽ പിന്നെ ഭാര്യയും മക്കളും ഒക്കെ അപ്പനു ചുറ്റും കൂടിയിരിക്കും. തൻ്റെ യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും ഒക്കെ സ്വൽപം പൊടിപ്പും തൊങ്ങലും വച്ച് അയാളവരെ പറഞ്ഞു കേൾപ്പിക്കും. ഒക്കെ കൗതുകത്തോടെ കേട്ടിരിക്കുന്ന കുടുംബം എന്നും അയാൾക്കൊരു പ്രചോധമാകുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ അങ്ങനെയൊരു കാഴ്ച കാണാൻ സാധിക്കുമോ? ലൈക്കും ഫോളോവേഴ്സും കൂട്ടി ഒരു ഓൺലൈൻ ഇമേജ് ഉണ്ടാക്കി എടുക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മൾ.ഫാദേഴ്സ് ഡേക്കും മദേഴ്സ് ഡേയ്‌ക്കു മൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മത്സരിച്ച് പോസ്റ്റുകൾ ഇടുന്ന നമ്മൾ ശരിക്കും കാണിക്കുന്ന വ്യഗ്രത, അതൊരു നാടകമല്ലേ?
‌നമ്മുടെ കയ്യിൽ നിന്നും ഒരു ചെറിയ സർപ്രൈസ് അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ, അവരുടെ മാതാപിതാക്കളുടെ കഥകൾ അവർ കേട്ടിരുന്ന പോലെ തങ്ങളുടെ ജീവിതത്തിലെ ചെറിയ ചെറിയ നേട്ടങ്ങൾ മക്കളോട് പറയണമെന്ന് അവർ ആഗ്രഹിക്കുന്നതിൽ തെറ്റുപറയാനൊക്കുമോ.



‌ നമുക്ക് തൊട്ടടുത്ത് നിന്ന് പറയുന്ന വാർദ്ധക്യത്തിൻ്റെ വേദനകൾക്കോ അവരുടെ കൊച്ചു കൊച്ച് പരിഭവങ്ങൾക്കോ ആഗ്രഹങ്ങൾക്കോ സംശയങ്ങൾക്കോ കുശലാന്വേഷണങ്ങൾക്കോ ഒന്നും ഒരു പരിഗണനയും കൊടുക്കാത്ത നാം , എന്നാൽ ഫോണിലെത്തുന്ന അപ്രധാനവും അനാവശ്യവുമായ സന്ദേശങ്ങൾക്ക് പോലും ഏറെ പ്രാധാന്യം കൊടുക്കുന്നു. തൻ്റെ മകനിലേക്ക് എത്തിച്ചേരാനുള്ള തന്ത്രപ്പാടാണ് ഒലിവർ എന്ന പിതാവിൻ്റെ സ്മാർട്ട് ഫോണിനോടുള്ള ആഗ്രഹം. അയാളുടെ ലോകം ഇടുങ്ങിയതാണ് കുടുംബവും സുഹൃത്തും മാത്രമടങ്ങുന്ന ചെറിയ ലോകം. അവിടെ അയാൾ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരുന്നു എന്നത് നിർഭാഗ്യകരമാണ്. അച്ഛൻ്റെ ലൈഫിൽ എക്സ്ട്രാ ഓർഡിനറിയായി എന്തുണ്ട് എന്ന് മകൻ ചോദിക്കുമ്പോൾ ചെറുതായൊന്ന് പരുങ്ങി നിറകണ്ണുകളോടെ മാറി നിൽക്കുന്ന ഒലിവർ വല്ലാത്തൊരു വേദനയായി മാറി. ഗൂഗിൾ പേ ചെയ്ത് മീൻ മേടിച്ചിട്ട് ഗമയിലുള്ള ആ നടപ്പും പിന്നീട് തനിക്ക് ഏറെ ഓർമ്മകൾ സമ്മാനിച്ച കാസ്റ്റ് കടയുടെ ഉള്ളിൽ ഒരപരിചിതനെപ്പോലെ നിന്ന് പറയാതെ പലതും പറഞ്ഞ ആ ചിരിയും ,പരിഭവങ്ങളിലെ നിക്ഷ്കളങ്കതയും, സന്ദേശമായ് മകൻ്റെ അടുത്തു നിന്നും കിട്ടുന്ന ചുംബനം ആസ്വദിച്ചുള്ള ആ നിൽപ്പും, നിസ്സഹായതയുടെ ചില നോട്ടങ്ങളും ആരെയൊക്കെയോ ഓർമ്മപ്പെടുത്തി.വീണ്ടും ജീവിതത്തിൻ്റെ കയ്പും നീറ്റലും പേറി ഒടുവിൽ കഥയുടെ ക്ലൈമാക്സിലെ ആ ചിരി, അത് അയാളൊഴികെ ബാക്കി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഹാഷ് ഹോം എന്ന സിനിമ വ്യത്യസ്തവും മികച്ചതുമായ ആസ്വാദന അനുഭവം സമ്മാനിച്ചു.
ലളിതമായ ഇതിവൃത്തത്തെ അതിൻ്റെ ആഴവും ഭംഗിയുമൊന്നും ചോർന്നു പോകാതെ മനോഹരമായി പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കാൻ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ച റോജിൻ തോമസിന് സാധിച്ചു. ചിന്തിക്കാനും ചിരിക്കാനുമേറെയുള്ള ചിത്രം ചിലപ്പോഴെങ്കിലും നമ്മുടെ കണ്ണുനിറച്ചെങ്കിൽ ഛായാഗ്രാഹകൻ നീല്‍ ഡി കുഞ്ഞയുടെ വർണാഭമായ
ഫ്രെയിമുകൾക്ക് അതിൽ വലിയ പങ്കുണ്ട്. രാഹുല്‍ സുബ്രഹ്‌മണ്യം ഈണം നൽകിയ വരികളോരോന്നും ചിത്രത്തോട് ലയിച്ച് അതിൻ്റെ ഭാഗമായി തന്നെ മുൻ പോട്ട് പോയി. ഇതിവൃത്തത്തിൻ്റെ തീവ്രഭാവങ്ങളോരോന്നും കൃത്യമായ അനുപാതത്തിൽ ശരിയായ ക്രമത്തിൽ ഒന്ന് ചേർന്നപ്പോൾ #ഹോം ഒരു ദൃശ്യവിരുന്നായി മാറി എന്നതിൽ സംശയമില്ല.


തൻ്റെ ശരീരഭാഷ കൊണ്ടും നോട്ടം കൊണ്ടും കഴുത്തിൻ്റെ ചലനം കൊണ്ടുമൊക്കെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇന്ദ്രൻസ് എന്ന ഹാസ്യ നടൻ തൻ്റെ ഭാവം മാറ്റിപ്പിടിച്ച് നമ്മെ അത്ഭുതപ്പെടുത്തിയിട്ട് കുറച്ച് കാലങ്ങളായി, എന്നാൽ അതിൽ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായി കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് ഒലിവറായി ജീവിക്കുകയായിരുന്നു ഈ സിനിമയിൽ അദ്ദേഹം. കുട്ടിയമ്മയായുള്ള വേഷ പകർച്ച മഞ്ചുപിള്ളയുടെ കരിയറിൽ ഒരു പൊൻ തൂവൽ തന്നെയാണ്. ചിരിയിലും നോട്ടത്തിലും ഭാവത്തിലും പൊട്ടിതെറികളിലുമൊക്കെ വല്ലാത്തൊരിഷ്ടം തോന്നി ആ നടിയോട്. നമ്മുടെ വീട്ടിലെ അമ്മയായി മാറി അവർ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ആൻ്റണി ആയെത്തിയ ശ്രീനാദ് ദാസി അക്ഷരാർത്ഥത്തിൽ ആ കഥാപാത്രത്തെ പ്രതിഭലിപ്പിച്ചു. നസ്ലിൻ്റെ എനർജിയും നിഷ്കളങ്കതയുമൊക്കെ ചാൾസി നോട് വല്ലാത്തൊരു ഇഷ്ടം തോന്നാൻ കാരണമായി. പുതുമുഖം ദീപ തോമസും ശ്രീകാന്ത് മുരളിയും കെപിഎസി ലളിതയും അനൂപ് മേനോനും വിജയ് ബാബുവും മണിയന്‍പിള്ള രാജുവും, അജു വർഗ്ഗീസും, ജോണി ആന്റണിയും ഉള്‍പ്പെടെ ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.

സസ്പെൻസ് ത്രില്ലറുകൾ കൊറോണക്കാലത്ത് സിനിമാ ലോകം കൈയ്യടക്കിയപ്പോൾ നല്ല ആശയങ്ങൾ നന്നായി ചിത്രീകരിച്ചാൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഹാഷ് ഹോം.

ബിബിൻ ജോയ്
ഇടുക്കി ലൈവ്
ഫോൺ: 8606107939









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!