കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണാഘോഷം കേമമാക്കാന്‍ ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കി ജില്ലയില്‍ ഉത്രാടപ്പാച്ചില്‍
കട്ടപ്പന: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണാഘോഷം കേമമാക്കാന്‍ ജില്ലയില്‍ ഉത്രാടപ്പാച്ചില്‍. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടനാളില്‍ ഹൈറേഞ്ചിലെ എല്ലാ പ്രധാന സിറ്റികളും ആളുകളെ കൊണ്ട് നിറഞ്ഞു. പുതിയ വസ്ത്രങ്ങള്‍ വാങ്ങിയും തിരുവോണ നാളില്‍ ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് വട്ടം കൂട്ടുന്നതിനുമുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും ഉത്രാട ദിന തയാറെടുപ്പുകള്‍ക്കായി ഇന്നലെ പോലീസും അല്പം ഇളവ് നല്‍കിയിരുന്നു.
ഹൈറേഞ്ചിന്റെ ഹൃദയ നഗരമായ കട്ടപ്പനയില്‍ രാവിലെ മുതല്‍ തന്നെ ജനത്തിരക്കേറിയിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനു ശേഷം ആദ്യമായിട്ടാണ് നഗരത്തില്‍ ഇത്രയധികം തിരക്കുണ്ടാകുന്നത്. വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും, പച്ചക്കറി മാര്ക്കറ്റിലുമായിരുന്നു കൂടുതല്‍ തിരക്ക്. ഹോം അപ്ലയന്‍സ് സ്ഥാപനങ്ങളില്‍ ഓണം ഓഫറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരും കുറവല്ല. മിക്ക സ്ഥാപനങ്ങളിലും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.
കുമളി, ഏലപ്പാറ, ഉപ്പുതറ, നെടുങ്കണ്ടം, തൂക്കുപാലം, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ തുടങ്ങിയ സിറ്റികളിലെല്ലാം ജനത്തിരക്ക് പലപ്പോഴും നിയന്ത്രണാതീതമായി. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു.
വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരിടവേളയ്ക്ക് ശേഷം സജീവമായിരുന്നു. വാഗമണ്‍, തേക്കടി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കായിരുന്നു കൂടുതല്‍ സഞ്ചാരികളെത്തിയത്. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ തന്നെ തദ്ദേശീയരായിരുന്നു സഞ്ചാരികളില്‍ അധികവും. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും മുക്തി തേടി കുടുംബങ്ങള്‍ ചെറിയ യാത്രകള്‍ നടത്തുന്നതും കാണാമായിരുന്നു.
അതേസമയം ഉത്രാടപ്പാച്ചില്‍ കോവിഡ് വ്യാപനത്തിനു കാരണമാകുമോയെന്ന ഭീതിയിലാണ് ആരോഗ്യ വകുപ്പ്. ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലും ആള്‍ക്കൂട്ടമുണ്ടായതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.