ഹൈവേ നിർമ്മിതിയിലെ അലംഭാവം ;ദുരിതത്തിലായി യാത്രക്കാരും തദ്ദേശവാസികളും.


നെടുംകണ്ടം : വണ്ണപ്പുറം കമ്പംമെട്ട് സംസ്ഥാനപാതയുടെ നിർമാണത്തെക്കുറിച്ച് വിവിധ ഘട്ടങ്ങളിൽ പല മേഖലകളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയർന്നുവന്നിരുന്നത്. റോഡ് നിർമ്മാണ മറവിൽ അനധികൃത പാറഖനനം , ശരിയായ ബലം ഉറപ്പു വരുത്താത്ത സംരക്ഷണ ഭിത്തി നിർമ്മാണം , മണ്ണെടുത്ത് ഭീഷണിയായ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത് , മരങ്ങളും കല്ലുകളും നീക്കാതെ ഐറീഷ് ഓട നിർമ്മാണം , ശരിയായ രീതിയിലല്ലാത്ത കലുങ്കു നിർമ്മാണം , തുടങ്ങി പല കാര്യങ്ങളിലും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു . കഴിഞ്ഞ മഴക്കാലത്ത് നിർമ്മാണം തുടങ്ങിയ കലുങ്ക് ഭാഗത്ത് അശാസ്ത്രീയമായി മണ്ണിട്ടത് മൂലം തുടർച്ചയായി #മൂന്നുവട്ടം #ആംബുലൻസുകൾ #താഴ്ന്നുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനപാതയിൽ ചേമ്പളത്തിനും കൗന്തിക്കും ഇടയിലുള്ള ഇല്ലിപ്പാലം ഭാഗത്തെ നിർമ്മാണ സ്ഥലത്ത് ഈ ഒരു വർഷം കഴിഞ്ഞിട്ടും കലുങ്കിൻ്റെ അപ്രോച്ച് ഭിത്തികെട്ടും മണ്ണ് പണിയും പൂർത്തീകരിക്കാത്തതിനാൽ വീണ്ടും പ്രദേശമാകെ ചെളിക്കുഴിയിൽ ആയിരിക്കുകയാണ്.
കാൽനടക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത സാഹചര്യം ആണ് ഈ ജംഗ്ഷനിൽ ഉള്ളത്. ഇവിടെ നിന്നും പച്ചടി ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടാണ് തദ്ദേശവാസികൾ അനുഭവിക്കുന്നത് . ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോലും ഈ റോഡിലൂടെ സഞ്ചരിക്കാൻ ആവുന്നില്ല. കാൽനടക്കാർ റോഡിൽ നിന്നും മാറി മറ്റ് കൃഷിസ്ഥലങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് മെയിൻ റോഡിൽ എത്തേണ്ട ദുസ്ഥിതിയാണ് ഉള്ളത്. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ അടിയന്തരഘട്ടങ്ങളിൽ പോലും ഒരു വാഹനം എത്തുന്നതിന് തടസ്സം നേരിടുന്നു.
അടിയന്തരമായി ഇല്ലിപ്പാലം പ്രദേശത്തെ മണ്ണ് പണികളും കലിങ്ക് പണികളും പൂർത്തീകരിക്കണമെന്നും ചെളികൾ നീക്കം ചെയ്ത് സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.
പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കേണ്ടി വരും എന്നും നാട്ടുകാർ പറയുന്നു.