മഴക്കെടുതി: ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം


ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് തകര്‍ന്നത്. ഉടുമ്പന്‍ചോല താലൂക്കില്‍ പന്ത്രണ്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ അഞ്ച് വീടുകളും തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. മെയ് 24 ശനി മുതല്‍ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം വെള്ളി (29,30) ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (28) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച (31) മഞ്ഞ അലര്‍ട്ടാണ്.
ജില്ലയില്‍ ഇതേ വരെ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. 89 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.
മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 17 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ മൂന്നു കുട്ടികളും 10 സ്ത്രീകളുമുണ്ട്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2333.62 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 118.1 അടിയാണ് ജലനിരപ്പ്.
ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധനം മെയ് 30 വരെ
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ദേശീയ പാത 85 ല്‍ ഗതാഗത നിയന്ത്രണം
ദേശീയ പാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി -ധനുഷ്‌കോടി ദേശീയപാത ഇരുട്ടുകാനത്തുനിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ പൂര്‍ണ്ണമായി നിരോധിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാര്‍ പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനത്ത് നിന്നും ആനച്ചാല്‍, രണ്ടാം മൈല്‍ വഴി പോകണം.മൂന്നാറില്‍ നിന്നും കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ രണ്ടാം മൈലില്‍ നിന്നും ആനച്ചാല്‍, ഇരുട്ടുകാനം വഴി പോകേണ്ടതാണ്.