ശുചിത്വത്തിന് ഒപ്പം വരുമാനവും; നാട് ക്ലീനാക്കി ഇരട്ടയാര്‍ പഞ്ചായത്ത്


മാലിന്യ സംസ്കരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുവാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. നാട് മാലിന്യമുക്തമാക്കുന്നതിനൊപ്പം അതേ മാലിന്യത്തില്‍ നിന്ന് വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്കരണത്തിന് 26 അംഗ ഹരിത കര്‍മ്മ സേന അംഗങ്ങളാണ് കര്‍മ്മനിരതരായി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. 14 വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മെറ്റിരിയല്സ് റിക്കവറി ഫെസിലിറ്റി സെന്ററിലെത്തിച്ച് തരം തിരിച്ച് ഡസ്റ്റര്‍ റിമൂവിംഗ് മെഷിന്റെയും, ബെയ്ലിംഗ് മെഷീന്റെയും സഹായത്തോടെ കെട്ടുകളാക്കിയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ശേഖരിച്ച മാലിന്യത്തില്‍ നിന്ന് ഏകദേശം 20 ലക്ഷത്തോളം രൂപ ഗ്രാമപഞ്ചായത്തിന് നേടാന്‍ സാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍ കുമാര്‍ പറഞ്ഞു. ഇത് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് വിനിയോഗിക്കുന്നത്.
14 വാര്‍ഡുകളില്‍ നിന്നായി രണ്ട് ബോട്ടില്‍ ബൂത്ത് വീതം 28 ബോട്ടില്‍ ബൂത്തുകളാണ് ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ജൈവ മാലിന്യത്തില്‍ നിന്ന് വളം ഉത്പാദിപ്പിക്കുന്നതിനായി തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റ്, വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ഇരട്ടയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രികരിച്ചാണ് നിലവില്‍ ജൈവമാലിന്യം ശേഖരിക്കുന്നത്. പ്രതിമാസം ഏകദേശം 4000 കിലോ വളം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് പഞ്ചായത്തില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. കൂടാതെ വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിന് ബൊക്കാഷി ബക്കറ്റ്, പിറ്റ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലും മികച്ച മാതൃകയായ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും, സംസ്ഥാന-ജില്ലാ – ബ്ലോക്ക് തലത്തിലും പുരസ്കാരങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ എക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലും മാലിന്യ സംസ്കരണത്തില്‍ മികച്ച പഞ്ചായത്തിനുള്ള പരാമര്‍ശം ലഭിച്ചിരുന്നു.