വണ്ടൻമേട് സിഎച്ച്സിയുടെ കീഴിൽ കിടപ്പു രോഗികളുടെ പരിപാലനത്തിനു ഹോം കെയർ നഴ്സില്ല;കിടപ്പുരോഗികൾക്ക് ദുരിതം
നെടുങ്കണ്ടം∙ വണ്ടൻമേട് സിഎച്ച്സിയുടെ കീഴിൽ കിടപ്പു രോഗികളുടെ പരിപാലനത്തിനു ഹോം കെയർ നഴ്സില്ല. ഇരുനൂറിലേറെ കിടപ്പുരോഗികളുടെ ചികിത്സ മുടങ്ങുന്നതായി പരാതി. വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യമുയർന്നു. ഗുരുതര രോഗബാധിതർക്കു വീട്ടിലെത്തി ശുശ്രൂഷ നൽകുന്നത് ഹോം കെയർ നഴ്സുമാരാണ്. സിഎച്ച്സിയുടെ കീഴിൽ പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനു 2 ഹോം കെയർ നഴ്സുമാരെ നിയമിക്കാറുണ്ട്. കിടപ്പു രോഗികൾക്കു പ്രാഥമിക ശുശ്രൂഷകൾ നൽകാനായി പഞ്ചായത്ത് ഒരാളെ നിയമിക്കും. ഈ നഴ്സ് നിലവിലുണ്ട്.
എന്നാൽ, അതീവ ഗുരുതരമായ രോഗങ്ങളാൽ കിടപ്പിലായവർക്കു ചികിത്സ നൽകാനും നിരീക്ഷണത്തിനുമായി മറ്റൊരു ഹോം കെയർ നഴ്സിനെ നിയമിക്കേണ്ടത് സിഎച്ച്സിയാണ്. ഈ ഒഴിവാണ് നികത്താത്തത്. വണ്ടൻമേട് സിഎച്ച്സിയുടെ കീഴിൽ വണ്ടൻമേട്, ചക്കുപള്ളം, ഇരട്ടയാർ പഞ്ചായത്തുകളാണുള്ളത്.
സമീപകാലം വരെ പ്രവർത്തിച്ചിരുന്ന നഴ്സ് പ്രസവാവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഒരാളെ നിയമിച്ചിരുന്നു. എന്നാൽ, കോവിഡ് രോഗം വ്യാപനം ഉണ്ടായതോടെ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. നഴ്സിനെ ഉടനെ നിയമിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.